കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹം ലൗ ജിഹാദല്ലെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. വിഷയത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം അദേഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും പി മോഹനൻ പറഞ്ഞു.
ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്‌സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ല സെക്രട്ടറി വ്യക്തമാക്കി.
ALSO READ 'ലൗവ് ജിഹാദ് എന്നത് നിർമിത കള്ളം'; ഷെജിനും ജോയ്‌സ്‌നയും മാതൃകയെന്ന് ഡി.വൈ.എഫ്.ഐ
'സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു.
പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്'. വിവാഹത്തിൽ അസ്വാഭാവികതയില്ലന്നും പി മോഹനൻ വ്യക്തമാക്കി