കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളിൽ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്നും വിമർശനം ഉയർന്നു.
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബ് - താഹ ഫസൽ എന്നിവർക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ഇതുവരെ വ്യക്തമാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. യു.എ.പി.എ ചുമത്തുന്നതിൽ ദേശീയനയം തന്നെയാണോ സംസ്ഥാനത്ത് പാർട്ടി നടപ്പാക്കുന്നതെന്നും ഒരു പ്രതിനിധി ചോദിച്ചു. കെ റെയിൽ നടപ്പാക്കണം എന്ന് സമ്മേളനം പ്രമേയം പാസാക്കിയെങ്കിലും കൊയിലാണ്ടിയിലെയും കോഴിക്കോട് സൗത്തിലേയും പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുക്കാൻ തുടങ്ങിയാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടേയും സംസ്ഥാന സെക്രട്ടറിയുടേയും സാന്നിധ്യത്തിലാണ് പ്രതിനിധികൾ വിമർശനം ഉയർത്തിയത്.
കുറ്റ്യാടിയിലും വടകരയിലും ഗുരുതര പശ്നങ്ങളെന്ന് വിമര്‍ശനം
2016-ൽ കുറ്റ്യാടിയിൽ പാർട്ടിക്കുണ്ടായ പരാജയത്തിൽ അന്ന് ശക്തമായ നടപടി എടുക്കാതിരുന്നത് പിന്നീടുണ്ടായ പ്രതിഷേധങ്ങൾക്ക് കാരണമായി. കുറ്റ്യാടിയിലും വടകരയിലും പാർട്ടിയിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്നും സമ്മേളനത്തിൽ വിമര്‍ശനം ഉയർന്നു.
Also Read: വയനാട് ലഹരിപ്പാര്‍ട്ടി : റിസോര്‍ട്ടില്‍ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന
തെരഞ്ഞെടുപ്പിൽ വടകരയിലെ പാർട്ടി നൽകിയ വോട്ടുകണക്കുകൾ എല്ലാം തെറ്റി. 'ശരീരവും മനസ്സും ഒരുപോലെ പാർട്ടിയുടെ ഭാഗമാകാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടെന്നാണ്' ജില്ല സെക്രട്ടറി പി മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുള്ളത്.