കോഴിക്കോട്: സ്വകാര്യ ലാബുകളിലെ കൊവിഡ് ആർടിപിസിആർ നിരക്ക് 500 രൂപയാക്കി സർക്കാർ നിജപ്പെടുത്തിയതിന് പിന്നാലെ മറുതന്ത്രം പയറ്റി ലാബുകൾ. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളോട് ചേർന്ന് പ്രവർത്തിക്കുന്ന ലാബുകൾക്ക് എതിരെയാണ് പരാതി ഉയർന്നത്. ആർടിപിസിആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റിന് നിർബന്ധിക്കുന്നതായാണ് പരാതി.
ട്രൂനാറ്റ് പരിശോധനയ്ക്ക് നിര്‍ബന്ധിച്ച് ലാബുകള്‍
1500 രൂപയാണ് ഈ ടെസ്റ്റിന് സർക്കാർ നിജപ്പെടുത്തിയ നിരക്ക്. അടിയന്തര ഘട്ടങ്ങളിൽ മാത്രം പെട്ടെന്ന് റിസൽട്ട് അറിയാൻ വേണ്ടിയാണ് ട്രൂനാറ്റ് ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ ടെസ്റ്റ് സാമ്പിൾ പുറത്തുള്ള ലാബുകളിൽ അയച്ച് ഫലം വരാൻ എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് ട്രൂനാറ്റ് നിർദ്ദേശിക്കുന്നതെന്നാണ് ആശുപത്രികളുടെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്നും പൊതു നിയമം പാലിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറാവണം എന്നുമാണ് ഡിഎംഒ ഡോ.വി ജയശ്രീ പറയുന്നത്. പരാതികൾ ലഭിച്ചതിന് പിന്നാലെ ആശുപത്രികളോടും ലാബുകളോടും ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികാരിക്കാനില്ലെന്ന് ലാബുടമകള്‍
വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ല എന്ന നിലപാടിലാണ് ലാബ് അസോസിയേഷൻ. 'കേസ് ഹൈക്കോടതിയുടെ പരിഗണയിലാണ്, ഞങ്ങളെ രക്ഷിക്കാൻ ദൈവം മാത്രമേയുള്ളൂ'. എന്നാണ് സ്വകാര്യ ലാബ് അസോസിയേഷൻ്റെ സംസ്ഥാന ഭാരവാഹികളിൽ ഒരാൾ വ്യക്തമാക്കിയത്. ലക്ഷങ്ങൾ മുടക്കി പിസിആർ ലാബ് ആരംഭിച്ച് ഒരോ ടെസ്റ്റ് ചെയ്യുമ്പോഴും പിപിഇ കിറ്റ് അടക്കം വരുന്ന അനുബന്ധ ചെലവുകൾ, 500 രൂപ കിട്ടിയത് കൊണ്ട് താങ്ങാനാവില്ല എന്ന നിലപാടിൽ തന്നെയാണ് ലാബുകൾ.
Also Read:രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ഫീസ് നിജപ്പെടുത്തിയത് എന്ന പരാതിയും അവർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ആഴ്ചയിൽ അഞ്ച് ദിവസവും സർക്കാർ ആശുപത്രികളിൽ കൊവിഡ് ടെസ്റ്റിന് സൗകര്യമുള്ളപ്പോൾ എന്തിന് സ്വകാര്യ ലാബുകളെ ആശ്രയിക്കണം എന്ന ചോദ്യവും ഡിഎംഒ ഉന്നയിക്കുന്നുണ്ട്. നേരത്തെ കൂട്ട പരിശോധന നടത്തിയപ്പോൾ റിസൽട്ട് വൈകിയിരുന്നു. എന്നാൽ നിലവിൽ ആ പ്രശ്‌നം പൂർണമായും പരിഹരിച്ചു. ആളുകൾ ടെസ്റ്റിന് വരാത്തതിൻ്റെ കുറവേയുള്ളൂ എന്നും ഡിഎംഒ കൂട്ടിച്ചേർത്തു.
സർക്കാർ ഇടപെടൽ
സർക്കാർ നിജപ്പെടുത്തിയ ഫീസ്, ആര്‍.ടി.പി.സി.ആര്‍ 500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ്. ആരംഭത്തിൽ ആര്‍ടിപിസിആര്‍ 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്‍റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരുന്നത്.
തോന്നിയത് പോലെ ഫീസ് ഈടാക്കിയത് വലിയ പരാതിക്ക് ഇടവരുത്തിയതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. നേരത്തെ 4550 രൂപ വരെ കൊവിഡ് ടെസ്റ്റിന് സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ സർക്കാർ നിരക്ക് പുതുക്കി നിശ്ചയിച്ചു.
നടപടി ചോദ്യം ചെയ്‌ത് ലാബ് ഉടമകൾ
സർക്കാർ നിരക്കുകൾ പ്രകാരം മാത്രമാണ് ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്താനാവൂ. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്. വിദേശത്തേക്ക് പോകുന്നവരും നിരീക്ഷണത്തിൽ കഴിയുന്നവരുമാണ് സ്വകാര്യ ലാബുകളെ കൂടുതൽ ആശ്രയിക്കുന്നത്. ഫീസ് നിജപ്പെടുത്താനുള്ള അനുമതി കേന്ദ്ര സർക്കാരിനാണെന്ന വാദം ഉന്നയിച്ചാണ് ലാബ് അസോസിയേഷൻ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ ഹൈക്കോടതി നിജപ്പെടുത്തിയ ഫീസായ 1700 സംസ്ഥാന സർക്കാർ 500 ആക്കി കുറയ്ക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ്, 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്‌നാട്ടിലാണ്, 1200 രൂപ. വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500 മുതൽ 1750 രൂപവരെയാകും. ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണ് നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ അത് 1200 രൂപയാണ്.
നിരക്ക് കുത്തനെ കുറച്ചതിനെത്തുടർന്ന് താല്കാലികമായി ലാബുകൾ ആർടിപിസിആർ പരിശോധന നിർത്തിയിരുന്നു. ആവശ്യത്തിന് കിറ്റുകൾ ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പല ലാമ്പുകളും പരിശോധന നിർത്തിയിരുന്നു. ഇതോടെ ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ സർക്കാർ വിപണിയിലിറക്കി. കുറഞ്ഞ നിരക്കിൽ പരിശോധിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന സർക്കാരിന്‍റെ ശാസനയെത്തുടർന്നാണ് ലാബുകൾ പരിശോധന പുനരാരംഭിച്ചത്.