കോഴിക്കോട്: കൊവിഡ് തുടങ്ങിയതുമുതൽ ദുരിതം വിട്ടൊഴിയാതെ ഓട്ടോ ടാക്സി തൊഴിലാളികൾ. ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ പെടാപ്പാട് പെടുകയാണ് ഇക്കൂട്ടർ. ഇടക്കാലത്ത് ആശ്വാസത്തിന്‍റെ നേരിയ സൂചന തെളിഞ്ഞെങ്കിലും വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നീങ്ങുകയാണ് ഇവരുടെ ജീവിതം.
നിലവില്‍, ഓട്ടം കിട്ടാനാവാതെ സ്റ്റാന്‍ഡില്‍ ഏറെ നേരെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. രാവിലെ സ്റ്റാൻഡിലെത്തി വരിനിന്ന് വണ്ടി ഒന്ന് അനക്കുകപോലും ചെയ്യാതെ വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്ന ദിവസങ്ങളുണ്ട് ഇവര്‍ക്ക്.
അതുകൊണ്ടുതന്നെ, കാലി കീശയുമായി വീട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയുണ്ട് ഇവര്‍ക്ക്. ലോക് ഡൗൺ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഇവരുടെ ദുരിത ജീവിതം. ജനം പുറത്തിറങ്ങാതായതോടെ ഓട്ടം മുടങ്ങി. പിന്നീട് ലോക് ഡൗണിൽ അയവ് വന്നപ്പോഴും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല. ജോലി ഇല്ലാതായതോടെ മറ്റു പല വിഭാഗങ്ങൾക്കും ആശ്വാസങ്ങൾ എത്തിയപ്പോഴും ഓട്ടോ ടാക്സി തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെട്ടില്ല.