കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവാസികളാണ് അധികവും നിരീക്ഷണത്തില്‍ കഴിയുന്നതെന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവാസികൾ കര്‍ശനമായും 14 ദിവസം വീടുകളില്‍ കഴിയണമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ഇതുമായി സഹകരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമേ കൊവിഡ് ഇല്ലാതാക്കാന്‍ കഴിയുകയുള്ളുവെന്നും ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുവാനും രോഗം പടരുന്നത് തടയുവാനും വേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി എന്നിവര്‍ പങ്കെടുത്തു. അതേ സമയം പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജില്ലയില്‍ പുതുതായി 846 പേര്‍ ഉള്‍പ്പെടെ ആകെ 2697 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഐസൊലേഷൻ വാര്‍ഡില്‍ മെഡിക്കല്‍ കോളജില്‍ നാലുപേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് 14 പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഉള്‍പ്പെടെ 15 പേരെ ഇന്നലെ ഡിസ്‌ചാര്‍ജ് ചെയ്‌തു.