കോഴിക്കോട്: ഐഎൻഎൽ വഹാബ് പക്ഷത്തിന് കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്. പാർട്ടിയുടെ പതാകയും ചിഹ്നവും ഉപയോഗിക്കരുതെന്ന് കോഴിക്കോട് അഡീഷണൽ സബ് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. പാർട്ടിയുടെ മുന്നോട്ടുപോക്കിന് ഇടക്കാല ഉത്തരവ് ഊർജ്ജം പകരുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വ്യക്തമാക്കി.
അഞ്ചു മാസങ്ങൾക്കു മുമ്പാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുൽ വഹാബിനെയും ഒപ്പമുള്ളവരെയും ഐഎൻഎൽ ദേശീയ നേതൃത്വം പുറത്താക്കിയത്. കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. തുടർന്ന് ഇരുവിഭാഗവും തങ്ങളാണ് യഥാർഥ ഐഎൻഎൽ എന്ന് അവകാശപ്പെട്ട് പ്രവർത്തനവും ആരംഭിച്ചു.
ഇതിനെതിരെയാണ് ദേശീയ നേതൃത്വം കോടതിയെ സമീപിച്ചത്. പാർട്ടിയുടെ ചിഹ്നമോ പേരോ പതാകയോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഹർജിയും നൽകിയിരുന്നു. ഇതിലാണ് കോടതിയുടെ അനുകൂല തീരുമാനം. പാർട്ടി ഓഫിസുകളിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. എന്നാല്‍ ഇടക്കാല ഉത്തരവിനെതിരെ മേൽ കോടതിയെ സമീപിക്കാനാണ് വിമത പക്ഷത്തിന്‍റെ നീക്കം.