കോഴിക്കോട്: ലോക്‌ഡൗണ്‍ ലംഘിച്ച് എട്ട് കിലോമീറ്ററിലധികം കാറിൽ സഞ്ചരിച്ച ദമ്പതികള്‍ പൊലീസ് പിടിയിൽ. ഡോക്‌ടറെ സന്ദർശിക്കാൻ പോയതാണെന്ന് നുണ പറഞ്ഞ് ചക്ക പറിക്കാൻ പോയ നാദാപുരം ചേലക്കാട് സ്വദേശികളാണ് പൊലീസിന്‍റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും പത്തോളം ചക്കകൾ പൊലീസ് കണ്ടെടുത്തു.
ഞായറാഴ്ച്ച രാവിലെ പുറമേരി ഭാഗത്ത് നിന്ന് കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കല്ലാച്ചി ടൗണില്‍ പൊലീസ് തടഞ്ഞു. വടകര സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടറെ കണ്ട് മടങ്ങുന്ന വഴിയാണെണ് ഇരുവരും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഡോക്‌ടറുടെ കുറിപ്പടി കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ദമ്പതികള്‍ കുഴങ്ങി. ഇതിനിടെയാണ് കാറിന്‍റെ ഡിക്കിയിലും സീറ്റിലും പത്തോളം ചക്കകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോയതാണെന്ന് വെളിപ്പെടുത്തി. എട്ട് കിലോമീറ്ററിലധികം അധികൃരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ചക്ക പറിച്ച് വന്ന ദമ്പതിമാർ പൊലീസുകാരില്‍ ചിരിപടര്‍ത്തി. കാര്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയും ദമ്പതികളെ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു.