കോഴിക്കോട്: നാട്ടുകാര്‍ അറിയാതെ പഞ്ചായത്ത് ആസ്‌തി രജിസ്റ്ററില്‍ റോഡിന്‍റെ വീതി കൂട്ടി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കൂമ്പാറയിൽ ചെറിയ റോഡാണ് ആസ്‌തി രജിസ്റ്ററില്‍ ഭീമൻ റോഡാക്കിയത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മേലെ കൂമ്പാറ - പുന്നക്കടവ് - പീടികപ്പാറ റോഡിന് പഞ്ചായത്ത് ആസ്‌തി രജിസ്റ്ററില്‍ വീതി രേഖപ്പെടുത്തിയിരിക്കുന്നത് എട്ട് മീറ്ററാണ്. റോഡിനാണെങ്കിൽ പല ഭാഗങ്ങളിലും വീതി പകുതിയോളം മാത്രമാണുള്ളത്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.
നഷ്‌ടം നാൽപ്പതോളം ഭൂ ഉടമകൾക്ക്: ഇതോടെ വീതി കൂടിയ റോഡ് അതിര്‍ത്തിയിലെ സ്ഥല ഉടമകള്‍ കയ്യേറിയതാണെന്ന ബന്ധപ്പെട്ട അധികൃതരുടെ വ്യാഖ്യാനം വിവാദമാകുകയാണ്. എന്നാൽ തങ്ങളുടെ ആധാരത്തില്‍ തിട്ടപ്പെടുത്തിയ ഭൂമിമാത്രമാണ് കൈവശം വച്ചുപോരുന്നതെന്നും റോഡിന് ഇത്രയും വീതിയുളള കാര്യം അടുത്തിടെയാണ് അറിയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡിന്‍റെ ഇരു വശത്തുമായി 15 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം ഭൂ ഉടമകളാണുളളത്.
ഭീഷണിയുമായി ക്വാറി ഉടമകൾ: ഭൂമി ക്രയവിക്രയം ചെയ്യുമ്പോള്‍ ഇത്രയും പേര്‍ക്ക് റോഡ് അതിര്‍ത്തിയിലെ ഒട്ടേറെ സെന്‍റ് ഭൂമി നഷ്‌ടപ്പെടുന്ന അവസ്ഥയാണ്. അതിർത്തി നിർണയിച്ച് കല്ല് വച്ചപ്പോൾ ക്വാറിക്കാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാരുടെ പരാതിയുണ്ട്. മൂന്ന് കരിങ്കല്‍ ക്വാറികളും ഒരു ക്രഷര്‍ യൂണിറ്റുമുളള പ്രദേശമാണിത്.
ഭീമ ഹർജി സമർപ്പിച്ച് നാട്ടുകാർ: ക്രഷറിന് അനുമതി ലഭിക്കണമെങ്കില്‍ എട്ട് മീറ്റര്‍ വീതിയുളള റോഡ് വേണമെന്ന ചട്ടമുളളതിനാല്‍ മുന്‍ പഞ്ചായത്ത് അധികൃതര്‍ കൃത്രിമം കാണിക്കുകയാണുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഭൂമി നഷ്‌ടപ്പെടുന്ന ആശങ്കയില്‍ മേലെ കൂമ്പാറ, പുന്നക്കടവ് നിവാസികളായ 35 പേര്‍ പഞ്ചായത്ത് പ്രസിഡന്‍റിനും സ്രെക്രട്ടറിക്കും ഭീമ ഹർജി സമര്‍പ്പിച്ചിരിക്കുകയാണ്. തങ്ങളുടെ വസ്‌തു അതിരുകെട്ടി തിരിക്കുന്നതിനെ തടസപ്പെടുത്തരുതെന്നാവശ്യപ്പെട്ടാണ് ഭീമ ഹർജി.
നടപടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം: ഗ്രാമ പഞ്ചായത്തിന്‍റെ ആസ്‌തി രജിസ്റ്ററിൽ എട്ട് മീറ്റര്‍ വീതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സീറോ പോയന്‍റില്‍ അഞ്ചര മീറ്ററും അവസാന ഭാഗം പീടികപ്പാറയില്‍ കേവലം മൂന്ന് മീറ്ററും മാത്രമാണുളളതെന്ന് ഹർജിയില്‍ പറയുന്നു. എട്ട് മീറ്റര്‍ വീതി എവിടെയുമില്ല. പൊതുജന സാന്നിധ്യത്തില്‍ റോഡിന് എട്ട് മീറ്റര്‍ അളന്ന് തിട്ടപ്പെടുത്തണമെന്നും സറണ്ടര്‍ ചെയ്യാത്ത ഭൂമി എങ്ങനെയാണ് പഞ്ചായത്തിന്‍റെ ആസ്‌തി രജിസ്റ്ററില്‍ വന്നതെന്ന് പരിശോധിക്കണമെന്നും ഹർജിയില്‍ പറയുന്നു. ഇല്ലാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം നാട്ടുകാർ സറണ്ടർ ചെയ്‌തിട്ടില്ലാത്ത ഭൂമി പഞ്ചായത്തിന്‍റെ ആസ്‌തി രജിസ്റ്ററിൽ എട്ട് മീറ്റർ ആക്കിയത് സംബന്ധിച്ച് പരിശോധിക്കാൻ സബ് കമ്മറ്റിയെ ചുമതലപെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയാൽ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആദർശ് ജോസഫ് പറഞ്ഞു.
ALSO READ: ഇടുക്കിയിൽ നിയമം ലംഘിച്ച് തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി