കോഴിക്കോട്: മുസ്‌ലിംലീഗിന്‍റെയും സിപിഎമ്മിന്‍റെയും പലസ്‌തീൻ ഐക്യദാർഢ്യം കഴിഞ്ഞതോടെ ഇനി കോഴിക്കോട്ട് നടക്കാനുള്ളത് കോണ്‍ഗ്രസിന്‍റെ ഐക്യദാര്‍ഢ്യമാണ്. അതങ്ങ് നവംബര്‍ 23നാണ്. അല്ലെങ്കിലും കോൺഗ്രസ് അങ്ങനെയാണ്. ഒരു സംഭവം നടന്ന്, സിപിഎം ഒരു പരിപാടി സംഘടിപ്പിച്ചാല്‍ മാത്രമേ കോൺഗ്രസ് ആ സംഭവത്തെ കുറിച്ച് അറിഞ്ഞ ഭാവം പോലും നടിക്കൂ. ഇത് ഉശിരുള്ള കോൺഗ്രസുകാർ തന്നെ പങ്കുവച്ച കാര്യമാണ്. അന്ന് കരുണാകരനും ആൻ്റണിയും പിന്നീട് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിച്ച് പോരാടിയപ്പോൾ കുറച്ചു കൂടി ഭേദമായിരുന്നു. ഗ്രൂപ്പ് മേൽക്കോയ്‌മ കാണിക്കുന്നതിൻ്റെ പേരിലെങ്കിലും കുറച്ച് വേഗതയുണ്ടായിരുന്നു. ഇപ്പോൾ എല്ലാം മെല്ലെപ്പോക്കായി.
തരൂര്‍ എത്തുമോ: കഥ ഇങ്ങനെയൊക്കെയാണെങ്കിലും പരിപാടിയിൽ വിശ്വപൗരൻ ശശി തരൂർ പങ്കെടുക്കുമോ, പങ്കെടുത്താൽ എന്താവും പറയുക എന്നിവയിലാണ് ആകാംക്ഷ. അദ്ദേഹത്തെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുമെന്ന് എംഎം ഹസ്സൻ വ്യക്തമാക്കി കഴിഞ്ഞു. ഇനി തരൂർ കോഴിക്കോട്ടേക്ക് വന്നാൽ തന്നെ ലീഗിൻ്റെ ഐക്യദാർഢ്യത്തിൽ പങ്കെടുത്ത് വിവാദമായ അതേ ആഹ്വാനം അദ്ദേഹം ആവര്‍ത്തിക്കുമോ എന്നതിലാണ് ചര്‍ച്ച.പശ്ചിമേഷ്യയിൽ നടക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധമാണന്നും പലസ്‌തീൻ ഭീകരരാണ് ഇതിന് തുടക്കമിട്ടതെന്നുമുള്ള പ്രസംഗം ആവർത്തിക്കുമോ. അതോ നിലപാട് മാറ്റുമോ. രണ്ടായാലും പ്രശ്‌നം ഗുരുതരമാണ്. നിലപാട് ആവർത്തിച്ചാൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലാകും. നേതാക്കളുടെ വിഴുപ്പലക്കൽ ശക്തമാക്കും. മാറ്റിപ്പറഞ്ഞാൽ ലീഗുകാർ മൂടിക്കെട്ടിയ വിവാദത്തിൻ്റെ കെട്ടുപൊട്ടും. ഇത് കണ്ട് സമസ്‌ത ചിരിക്കും. അതേസമയം ഇതെല്ലാം മനസിലാക്കി തരൂർ ഒഴിഞ്ഞുമാറിയാലും അതിശയപ്പെടാനില്ല.
വഴുതാന്‍ റെഡിയായി തരൂര്‍: അതുകൊണ്ടാണ് തരൂർ ഒരു മുഴം മുമ്പേ എറിഞ്ഞത്. സഹോദരിയുടെ മകന്‍റെ വിവാഹമായതിനാല്‍ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും പക്ഷേ, പാര്‍ട്ടിയുടെ വിളിയെത്തിയാല്‍ വൈകിയെങ്കിലും എത്താനാവുമോയെന്ന് നോക്കുമെന്നുമായിരുന്നു തരൂരിന്‍റെ പ്രതികരണം.
എന്തായാലും, റാലിയില്‍ തരൂര്‍ പങ്കെടുക്കുന്ന കാര്യത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചകള്‍ സജീവമാണ്. സിപിഎം കഴിഞ്ഞ ദിവസം നടത്തിയ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയവയില്‍ ഒരെണ്ണം തരൂരിന്‍റെ പരാമര്‍ശമായിരുന്നു. എല്ലാത്തിലുമുപരി ഈ ഐക്യദാർഢ്യത്തിന് മുമ്പ് പലസ്‌തീനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് കോൺഗ്രസിന് ഇതിലും വലിയ ക്ഷീണമാകും.