കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്‌ടറി ഏറ്റെടുക്കുന്ന കാര്യത്തില്‍ സർക്കാർ നിഷേധാത്മക നിലപാട് തുടരുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തുന്ന സത്യാഗ്രഹ സമരം 42 ദിവസം പിന്നിട്ടു. സമരം തുടരുമ്പോഴും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. തിരുവനന്തപുരം കെ.എസ്.ഐ.ഡി.സിക്ക് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നുണ്ടെങ്കിലും സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.
കോംട്രസ്റ്റ് ഏറ്റെടുക്കുന്ന കാര്യം തൽക്കാലം നടക്കില്ലെന്ന് കഴിഞ്ഞ വർഷം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ശക്തമാക്കിയത്.
കോംട്രസ്റ്റ് തൊഴിലാളികളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോഴും ഫാക്ടറി തുറന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന 103 തൊഴിലാളികളും.