കോഴിക്കോട്: നവകേരള സദസിനുള്ള (Navakerala Sadas) ഫണ്ട് പറവൂര്‍ നഗരസഭ പിന്‍വലിച്ച നടപടിയ്‌ക്ക് പിന്നാലെ നഗരസഭ സെക്രട്ടറിക്കെതിരെ ഭീഷണിയുണ്ടായത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഭാഗത്ത് നിന്നാണെന്ന് മുഖ്യമന്ത്രി (CM Pinarayi Vijayan Against VD Satheeshan). നവകേരള സദസിന്‍റെ ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വീണ്ടും ഉന്നയിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നവകേരള സദസിനായുള്ള ഫണ്ട് പറവൂര്‍ നഗരസഭ പിന്‍വലിച്ച നടപടിയില്‍ പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുന്നത്.
വി ഡി സതീശൻ പറയുന്നത് അയാളുടെ ശീലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. പറവൂരിൽ ജനങ്ങൾ എന്ത് നിലപാട് എടുക്കും എന്നത് പരിപാടി അവിടെ എത്തുമ്പോൾ കാണാം. അവിടെ ഉളളവർ ആരും നവകേരള സദസില്‍ പങ്കെടുക്കരുത് എന്ന് പ്രതിപക്ഷ നേതാവിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസവും നവകേരള സദസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പറവൂർ മുനിസിപ്പാലിറ്റിക്കെതിരായ (Paravoor Municipal Corporation) പ്രതിപക്ഷ നേതാവിന്‍റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വതന്ത്രമായി തദ്ദേശ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണം. പ്രതിപക്ഷ നേതാവിന്‍റെ പറവൂർ മുനിസിപ്പാലിറ്റിക്കെതിരായ നീക്കം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്‍റെ ഭീഷണികളൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.
പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്‌ടലാക്കോടെ അദ്ദേഹം സമീപിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷം എടുത്ത നവകേരള സദസ് ബഹിഷ്‌കരണ തീരുമാനം കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കൾ പോലും അംഗീകരിക്കുന്നില്ല. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും ഇത് പ്രകടമായതുമാണ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നേരത്തെ, നവകേരള സദസിന്‍റെ സംഘാടനത്തിനായി എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ കൗണ്‍സില്‍ ഒരു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എ്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും കൗണ്‍സിലിന്‍റെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണം നല്‍കില്ലെന്നായിരുന്നു വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രതികരണം.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്‍റെ പര്യടനം കോഴിക്കോട് ജില്ലയില്‍ തുടരുകയാണ്. നവംബര്‍ 18ന് മഞ്ചേശ്വരത്ത് നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ഡിസംബര്‍ 24ന് വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസ് സമാപിക്കുന്നത്.
Also Read : മങ്ങിയ കാഴ്‌ചകൾ മാറ്റാൻ ചില്ല് മാറ്റി; നവകേരള ബസിന് അറ്റകുറ്റപ്പണി