കോഴിക്കോട്: ചരിത്രമുറങ്ങുന്ന മയ്യഴി പുഴയുടെ കൈവഴി ശുചീകരണം നാട്ടുകാർക്ക് ആവേശക്കാഴ്‌ചയായി. വളയം ഗ്രാമപഞ്ചായത്തിലെ മുതുകുറ്റിക്കാവ് മുതല്‍ പൂങ്കുളം വരെയുള്ള ആറ് കിലോമീറ്റര്‍ ഭാഗത്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ 'ഇനിയും പുഴ ഒഴുകട്ടെ' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിത സേനാംഗങ്ങള്‍, പഞ്ചായത്തിലെ വിവിധ ക്ലബ് പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ എന്നിവരും പങ്കാളികളായി.
പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.പ്രദീഷ്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്‌ണ എന്നിവരാണ് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കാട് മൂടിയും മണ്ണ് നിറഞ്ഞും ഒഴുക്ക് നിലച്ച പുഴ ശുചീകരണം കഴിഞ്ഞതോടെ ജലസമ്പുഷ്‌ടമായി. ഒഴുക്ക് നഷ്‌ടപ്പെട്ട് പലയിടങ്ങളിലായി മുറിഞ്ഞ് പോയ പുഴയുടെ സംരക്ഷണത്തിനായി നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ കുടി വെള്ള ക്ഷാമം രൂക്ഷമായ മേഖലകളിലെ താമസക്കാര്‍ക്ക് ആശ്വാസമായി.