കോഴിക്കോട് : ഉള്ള്യേരിയില്‍ പ്രവാസി കൂട്ടായ്മയിൽ ഓരുജല മത്സ്യഫാം ഒരുങ്ങുന്നു. മണലാരണ്യങ്ങളിൽ ജോലി ചെയ്തവർക്ക് എന്താണ് ഈ ഉപ്പുവെള്ളത്തിൽ കാര്യം എന്ന് ചോദിച്ചാൽ എല്ലാം കൊവിഡ് തന്ന പണിയാണ്. മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടവർ അടങ്ങുന്ന നൂറ് പ്രവാസികളുടെ കൂട്ടായ്മയാണ് പദ്ധതിയൊരുക്കുന്നത്.
2020ന് ശേഷം നാട്ടിലേക്ക് വന്ന ഉള്ള്യേരി പഞ്ചായത്തിലെ 18-ാം വാർഡിൽപ്പെട്ട പ്രവാസികളുടെ കൂട്ടായ്മമാണിത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കന്നൂര് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയായാണ് ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ട് അഥവാ 'ചിപ്പ്' പ്രവർത്തിക്കുന്നത്.
അംഗങ്ങളില്‍ നിന്നും പണം പിരിച്ച് നിര്‍മാണം
കാടുപിടിച്ചുകിടന്ന സ്വകാര്യ വ്യക്തികളുടെ നാല് ഏക്കർ സ്ഥലം വെട്ടിത്തെളിച്ചാണ് ഫാം ഒരുക്കിയത്. അംഗങ്ങളിൽ നിന്ന് 75,000 രൂപ വീതം സമാഹരിച്ച് പദ്ധതി തുടങ്ങി. ഇപ്പോൾ ചെലവ് 70 ലക്ഷത്തിൽ എത്തി നിൽക്കുന്നു. ഫാമിലേക്ക് മറ്റ് ജീവികൾ കടന്നുവരാതിരിക്കാൻ ചുറ്റുപാടും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.
ജല ക്രമീകരണത്തിനും പ്രത്യേക സംവിധാനമുണ്ട്. ഫാമിനോട് ചേർന്ന് പ്രവാസി സൂപ്പർമാർക്കറ്റ്, മത്സ്യവിപണനകേന്ദ്രം, മത്സ്യവിഭവങ്ങൾ ലഭിക്കുന്ന ഹോട്ടൽ, മിനി കോൺഫറൻസ് ഹാൾ, ബോട്ടിങ് എന്നിവയും സജ്ജമാക്കും.
സഹായവുമായി പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രം
പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ബി. പ്രദീപ് കുമാറിന്റെയും അത്തോളിയിലെ പ്രമുഖ മത്സ്യകർഷകൻ കൂളത്താംകണ്ടി മനോജിന്റെയും മാർഗനിർദേശങ്ങളോടെയാണ് ഫാം രൂപകല്പന ചെയ്തത്. 2000 സ്ക്വയർ ഫീറ്റിൽ ചെമ്മീൻ കൃഷി തുടങ്ങും.
അടുത്ത 2000 സ്ക്വയർ ഫീറ്റിൽ പതിനായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ബാക്കിസ്ഥലത്ത് 30,000 പൂമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ഈ പ്രവാസി സംരംഭത്തിൻ്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഓരുജല ഫാമിന്റെ ഉദ്ഘാടനം മാർച്ചിൽ നടക്കും.