കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിനാണ് ഇന്നലെ മരിച്ചത്. വിവാഹ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പരക്കെ പരാതി ഉയർന്നതോടെ വിവാഹ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായും ആരോപണമുയർന്നു. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ അക്കാര്യം പരിഗണിച്ചില്ലെന്നാണ് പരാതി.
ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികള്‍ നിലവില്‍ ചികിത്സയിലാണ്. വിവാഹ വീട്ടില്‍ നിന്നും പാഴ്‌സലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലേയും ബന്ധുവീടുകളിലേയും കുട്ടികളിലാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. ചിക്കന്‍ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്‌തത്.
ALSO READ: നായ്ക്കളെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിച്ചുവെന്ന് ആരോപണം; നായയുടെ ഉടമ അറസ്റ്റില്‍
ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാല് പേര്‍ ഇന്ന് ആശുപത്രി വിട്ടു.