കോഴിക്കോട്: തീപിടിത്തമുണ്ടായ ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗൺ പ്രവർത്തിച്ചത് ആവശ്യമായ അനുമതിയില്ലാതെയെന്ന് അധികൃതര്‍. അപകടകരമായ രാസവസ്തുക്കൾ അനുമതിയില്ലാതെ സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ദർ ഇന്ന് (24.08.2022) സ്ഥലത്ത് വിശദമായ പരിശോധന നടത്തും.
സ്ഥാപനത്തിന് ആവശ്യമായ ഫയർ- സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജനവാസ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്നും പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് കോർപറേഷനിൽ നിന്നും ഗോഡൗണിന്‍റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും.
ഗോഡൗണിനെതിരെ നാട്ടുകാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇന്നലെ (23.08.2022) വൈകിട്ട് അഞ്ചോടെയാണ് കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവര്‍ത്തിക്കുന്ന പെയിന്‍റ് ഗോഡൗണിൽ വന്‍ വൻതീപ്പിടിത്തം ഉണ്ടായത്. ടര്‍പന്‍റൈന്‍, റ്റിന്നർ ഉൾപ്പടെ പെയിന്‍റ് അസംസ്‌കൃത വസ്തുക്കളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ഒൻപത് യൂണിറ്റ് ഫയർഫോഴ്സും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നി രക്ഷ സേനയും ചേർന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൻതീപ്പിടിത്തത്തില്‍ ഗോഡൗണിലെ ഒരു ജീവനക്കാരന് പൊള്ളലേറ്റിരുന്നു.
Also Read: കോഴിക്കോട് പെയിന്‍റ് ഗോഡൗണില്‍ തീപിടിത്തം, അണയ്ക്കാന്‍ ശ്രമം തുടരുന്നു