കോഴിക്കോട്: ഓരോ ഗ്രന്ഥശാലയും ആ പ്രദേശത്തെ പ്രകാശവും പ്രതീക്ഷയുമാണ്. വായനശാലകൾ സൃഷ്ടിച്ച അറിവിന്‍റെ വിസ്‌ഫോടനമാണ് നമ്മുടെ കരുത്ത്. ഇവിടെയിതാ ഒരു വായനശാല അറിവിന്‍റെ വിപ്ലവം നാടിന് പകർന്നു നല്‍കുന്നതിനൊപ്പം കാഴ്‌ചയുടെ മഹത്വം കൂടി ലോകത്തിന് സമ്മാനിക്കുകയാണ്. ഇത് കോഴിക്കോട് ജില്ലയിലെ പെരുവയൽ ചെറുകുളത്തൂർ കെപി ഗോവിന്ദൻകുട്ടി സ്മാരക വായനശാല.
ലോക കാഴ്ച ദിനം കൂടി കടന്നുപോകുമ്പോൾ കെപി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ 216 പേരാണ് നേത്രദാനം നടത്തിയത്. 1967ലാണ് കെപി ഗോവിന്ദൻകുട്ടി സ്മാരക വായനശാല സ്ഥാപിതമായത്. 1992 ൽ ചാത്തുക്കുട്ടി മാസ്റ്റർ നേത്ര ദാനം നടത്തിയതോടെ വായനയ്‌ക്കൊപ്പം കാഴ്‌ചയുടെ ലോകം കൂടി ഇവർ മറ്റുള്ളവർക്കായി ഏറ്റെടുത്തു. 2003ല്‍ ചെറുകുളത്തൂരിനെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചു. 432 പേർക്കാണ് വായനശാലയുടെ പ്രവർത്തനഫലമായി ഇതുവരെ കാഴ്ച തിരികെ കിട്ടിയത്.
ശേഷം ഒരു പടി കൂടി കടന്ന് അവയവ ദാനത്തിലേക്കും വായനശാലയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. അറിവിന്‍റെ വിസ്‌മയലോകം പുസ്‌തകങ്ങളിലൂടെ തുറന്നുവിട്ട വായനശാലകൾ കാഴ്‌ചയുടേയും അവയവദാനത്തിന്‍റെയും ത്യാഗസന്നദ്ധമായ മറ്റൊരു ലോകം കൂടി തുറന്നിടുകയാണ്...
കാഴ്ച ദിനം: കണ്ണുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കേണ്ടതിനെ ഓർമ്മിപ്പിച്ചാണ് ഒക്‌ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിക്കുന്നത്. 1998 ഒക്‌ടോബര്‍ 8ന് വേള്‍ഡ് ബ്ലൈന്‍ഡ് യൂണിയനും ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഒപ്‌ടിക്കല്‍ ഫൗണ്ടേഷനും ചേർന്ന് ആദ്യ കാഴ്ച ദിനം ആചരിച്ചു.
ജോലിക്കിടയിലും കണ്ണുകളെ സംരക്ഷിക്കുക (Love your eyes at work) എന്നതാണ് ഈവർഷത്തെ കാഴ്‌ച ദിന സന്ദേശം. കമ്പ്യൂട്ടറും മൊബൈലും നിത്യജീവിതത്തിന്റെ അനിവാര്യമായ അവിഭാജ്യഘടകമാണ്. കണ്ണിനെ പരിരക്ഷിക്കാതെ ചെയ്യുന്ന പ്രവൃത്തികളില്‍ നാമറിയാതെ നമ്മുടെ കണ്ണുകള്‍ രോഗാവസ്ഥയിലേക്ക് മാറുന്നു. ഇതു മുൻകൂട്ടിക്കണ്ട് കണ്ണിനെ പരിരക്ഷിക്കാനുള്ള ബോധവത്‌കരണമാണ് ഈ വർഷത്തെ കാഴ്‌ചദിനത്തിലെ ആശയം.
നേത്രദാനം മഹാദാനം: നേത്രദാനപദ്ധതിയിലൂടെ ഒരു വ്യക്തിയുടെ നേത്രദാനം മറ്റു രണ്ടുപേര്‍ക്ക് കാഴ്ച ലഭിക്കാന്‍ പര്യാപ്തമാണെന്ന ബോധവത്കരണം ഏറെ പ്രധാനമാണ്. കണ്ണുകള്‍ വാങ്ങാനോ വില്‍ക്കാനോ സാദ്ധ്യമല്ല. മരണാനന്തരം ദാനമായി ലഭിക്കുന്ന കണ്ണുകളാണ് കോര്‍ണിയല്‍ ഗ്രാഫ്റ്റിന് ഉപയോഗിക്കുന്നത്. കണ്ണുകള്‍ ദാനം ചെയ്യണമെന്നുള്ള സമ്മതപത്രം നേരത്തേ നല്‍കാവുന്നതും അഥവാ സമ്മതപത്രം നല്‍കിയില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കൾക്ക് സമ്മതാമാണെങ്കില്‍ നേത്രങ്ങൾ മരണാനന്തരം ദാനം ചെയ്യാം.