കോഴിക്കോട് : വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം (Waste Storage Plant) നിർമിച്ച ചെങ്ങോട്ട്‌കാവ് പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Protest Against Chengottukavu panchayath). നാലാം വാർഡിലെ കച്ചേരിപ്പാറയിലാണ് ജനകീയ പ്രതിഷേധം ശക്തമായത്. ഭക്ഷണ നിർമാണ യൂണിറ്റ് തുടങ്ങുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നിർമ്മാണത്തിന് നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്ത് 14 ലക്ഷം രൂപ ചെലവാക്കി കെട്ടിടം നിർമിച്ചതിലും ദുരൂഹതയുണ്ടെന്ന് സമരസമിതി അഭിപ്രായപ്പെട്ടു.
പഞ്ചായത്തിലെ നിർമാണ പ്രവർത്തികൾ ബന്ധപ്പെട്ട വാർഡിന്‍റെ ഗ്രാമസഭകളിൽ പൊതു ചർച്ചയ്‌ക്ക് വെക്കണം. അത്തരം പദ്ധതികൾ എവിടെ തുടങ്ങണം, ഏത് പ്രൊജക്‌റ്റ് വേണം, അതിന്‍റെ എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങൾ ഗ്രാമസഭയിൽ വെച്ചാണ് തീരുമാനിക്കുന്നത്. എന്നാൽ അയൽക്കൂട്ടത്തിലോ ഗ്രാമസഭയിലോ അറിയിക്കാതെ 2021ലാണ് മാലിന്യ സംഭരണ കേന്ദ്രത്തിൻ്റെ നിർമാണം ആരംഭിച്ചത്.
ഈ വർഷം ബോർഡ് സ്ഥാപിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും ജനകീയ കൂട്ടായ്‌മ പറയുന്നു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും മുഴുവൻ അജൈവ മാലിന്യങ്ങളും കച്ചേരിപ്പാറയിലെ ഈ കേന്ദ്രത്തിൽ നിക്ഷേപിക്കാനാണ് നീക്കം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിച്ച പാഴ്‌വസ്‌തുക്കൾ ഇവിടെ ആയിരിക്കും നിക്ഷേപിക്കുക. പഞ്ചായത്തിൻ്റെ നീക്കം തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയോജനങ്ങളും പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഭയന്ന് 25 ലേറെ പേർ : സ്‌ത്രീകളും പുരുഷൻമാരുമടക്കം 25 ലേറെ പേരാണ് പകൽ വീടായി ഇവിടെ തങ്ങുന്നത്. അനുബന്ധ സൗകര്യങ്ങളുടെ കുറവ് കാരണം വീർപ്പുമുട്ടുന്ന വയോജന കേന്ദ്രത്തെ മാലിന്യം കൂടി തള്ളി വീർപ്പുമുട്ടിക്കരുത് എന്നാണ് വൃദ്ധജനങ്ങളുടെ അപേക്ഷ. രണ്ട് കെട്ടിടങ്ങൾ തമ്മിൽ രണ്ട് മീറ്റർ പോലും അകലമില്ലാതെ നിർമിച്ചത് പോലും തെറ്റാണ്. മാലിന്യം കുന്നുകൂടുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇഴജന്തു ശല്യവും വർധിക്കുമെന്നും അന്തേവാസികൾ പറയുന്നു.
സംസ്‌കരണമില്ല സംഭരണം മാത്രമെന്ന് പഞ്ചായത്ത് : അതേസമയം ശുദ്ധീകരിച്ച അജെെവ മാലിന്യങ്ങൾ മാത്രമേ ഇവിടെ ശേഖരിക്കുകയുള്ളൂ എന്നും സംസ്‌കരണം അടക്കമുള്ള മറ്റ് ഒരു തരത്തിലുള്ള അനുബന്ധ പ്രവർത്തനങ്ങളും ഇവിടെ നടത്തില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എന്നാൽ വിവരവകാശ രേഖ പ്രകാരം ഈ വാദം തെറ്റാണെന്നും സംഭരണവും സംസ്‌കരണവും ഇവിടെ നടത്താനാണ് നീക്കമെന്നും സമരസമിതി കുറ്റപ്പെടുത്തി.