കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു (Charge Sheet Filed In Harshina Case). കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ രണ്ട് നഴ്‌സുമാരും രണ്ട് ഡോക്‌ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ 60 സാക്ഷികളാണുള്ളത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അസിസ്റ്റന്‍റ് കമ്മിഷണർ വ്യക്തമാക്കി. 2017ൽ നടത്തിയ എംആർഐ സ്‌കാനിങ് ആണ് അന്വേഷണത്തിൽ നിർണായക തെളിവായത്.
ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്‍റെ വാദം ശരിയല്ലെന്നും അസിസ്റ്റന്‍റ് കമ്മിഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും വീഴ്‌ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും എസിപി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്‌ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണമാകൂ എന്നും ഹർഷിന പ്രതികരിച്ചു.
ഡോക്‌ടർമാർക്കെതിരായ നടപടിയിൽ കെജിഎംസിടിഎ: ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യഗ്രത കാണിക്കുന്നു എന്ന് കെജിഎംസിടിഎ സംഘടന ആരോപിച്ചിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ഇല്ലാതെ ഡോക്‌ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ല എന്നും നടപടി ക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്‌താൽ ആശുപത്രി പ്രവർത്തനം നിർത്തിവച്ച് സമരം ചെയ്‌ത് പ്രതിഷേധിക്കാനും ഡോക്‌ടർമാരുടെ സംഘടന ആലോചിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.
അതേസമയം, എത്ര മൂടി വച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു വിഷയത്തിൽ ഹർഷിനയുടെ പ്രതികരണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്നും ഹർഷിന അറിയിച്ചിരുന്നു. 'ഞാൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ല എന്ന് തെളിഞ്ഞു. വീട്ടമ്മയായ എന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴയ്‌ക്കുകയാണ് ഉണ്ടായത്. തുച്ഛമായ നഷ്‌ട പരിഹാരം തന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ഉണ്ടായി.
നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്ന് തന്നവർക്ക് കൃത്യമായി അറിയാം. അർഹമായ നഷ്‌ടപരിഹാരം കിട്ടണമെന്നും കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹർഷിന നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രസ്‌താവന.
2017 നവംബര്‍ 30നാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം വേദന മാറാതായതോടെയാണ് സ്‌കാനിംഗ് നടത്തിയത്.