കോഴിക്കോട്: ചാലിയാറിന്‍റെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞ് മുന്നോട്ടുനീങ്ങുന്ന സുഹ്‌റാബി ധൈര്യവും ആത്മവിശ്വാസവും ഇഴചേര്‍ന്ന വ്യക്തിപ്രതീകമാണ്. പെണ്ണായതിനാല്‍ എന്തിനും ഏതിനും സൃഷ്ടിക്കപ്പെടുന്ന പ്രതിബന്ധങ്ങള്‍ മൂലം ഉൾവലിയുന്നവര്‍ക്ക് മാതൃകയും.
ചാലിയാറിലെ ഓളങ്ങളോട് മല്ലടിക്കാൻ മനക്കരുത്തുണ്ട് മലപ്പുറം ചെറുവാടിക്കടവ് സ്വദേശിനിയും നാട്ടുകാര്‍ക്ക് 'പെണ്ണുമ്മ'യുമായ മണൽപുറത്ത് സുഹ്റാബിക്ക്. കൊവിഡിനും മുൻപ് വന്ന പ്രളയ സമയത്താണ് സുഹ്റാബി തോണി തുഴയാൻ പഠിക്കുന്നത്. പ്രളയത്തിൽ സ്വന്തം വീടുൾപ്പടെ പ്രദേശം മുഴുവൻ വെള്ളം കയറി. കുറേ പേരെ അന്ന് പലസ്ഥലത്തും കൊണ്ടെത്തിക്കാന്‍ പെണ്ണുമ്മയ്ക്കായി.
Also read: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സർട്ടിഫിക്കറ്റുകൾ; ലോക റെക്കോഡ് സ്വന്തമാക്കി മലയോര ദമ്പതികൾ
ഇപ്പോൾ ഒരു തോണി സ്വന്തമായുണ്ട്. വാഴക്കാട് ഭാഗത്ത് നിന്ന് ചെറുവാടിയിലേക്കും മറ്റും എത്തേണ്ട ആളുകൾക്ക് ആശ്രയം സുഹ്റാബിയുടെ ഈ തോണി തന്നെ. പുഴക്കിക്കരെ പഠിക്കുന്ന വിദ്യാർഥികളും സുഹ്‌റാബിയുടെ സ്ഥിരം യാത്രക്കാരാണ്.
യാത്രക്കാർ നൽകുന്ന തുച്ഛമായ പ്രതിഫലം സന്തോഷത്തോടെ സ്വീകരിക്കും. കൂലിവേലക്കാരനായ ഭർത്താവ് അബ്‌ദുൽ സലിമിന്‍റെ പിന്തുണയും സുഹ്റാബിക്കുണ്ട്. ചാലിയാറിന് അക്കരെയും ഇക്കരെയും ബസ് സർവീസ് ഉൾപ്പടെ വാഹന ബാഹുല്യം ഏറിയപ്പോൾ കടവും കടത്തുകാരനും കാണാക്കാഴ്‌ചകളായി. എങ്കിലും ചാലിയാറിൽ സുഹ്‌റാബിയും അവരുടെ തോണിയും ഇപ്പോഴുമുണ്ട്. യാത്രക്കാർക്ക് ആശ്രയമായി.