കോഴിക്കോട്: കരയിടിച്ചിലിനെ തുടര്‍ന്ന് ചാലിയാർ തീരം ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കൂളിമാട്ടെ സ്‌ത്രീകളും കുട്ടികളും പ്രതിഷേധ ധര്‍ണ നടത്തി. 2009 മുതൽ തുടരുന്ന കരയിടിച്ചിലിൽ നിന്നും സംരക്ഷണം തേടി നിരവധി തവണ അധികൃതർക്ക് നിവേദനം സമർപ്പിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുന്‍വർഷങ്ങളിലെ പ്രളയത്തിലുണ്ടായ കരയിടിച്ചിലിൽ ഒരേക്കറിലധികം സ്ഥലം പുഴയെടുത്തിരുന്നു. കൂളിമാട് പാലം നിർമാണത്തിന് വേണ്ടി നടന്ന പൈലിങ് പ്രവര്‍ത്തനങ്ങൾ കരയിടിച്ചിൽ രൂക്ഷമാക്കിയതായി പരാതിയുണ്ട്. താൽകാലികമായി നിർത്തിവെച്ച പാലം നിർമാണം പുനഃരാരംഭിക്കുന്നതിന് മുമ്പ് തീരം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആറ് മാസം മുമ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ചെയർമാനും പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു.
സമരസമിതി കൺവീനർ കെ.സുമയ്യ ധർണ ഉദ്ഘാടനം ചെയ്‌തു. നടപടിയുണ്ടായില്ലെങ്കില്‍ ലോക്ക് ഡൗൺ കഴിഞ്ഞ് വിപുലമായ സമരം ആരംഭിക്കുമെന്ന് അവർ വ്യക്തമാക്കി. ഖദീജ കൂട്ടക്കടവത്ത്, സുബൈദ ചാലിക്കുഴി, കെ.സലീന എന്നിവർ നേതൃത്വം നൽകി.