കോഴിക്കോട്: പിഎസ്‌സി നടത്തുന്ന പരീക്ഷയിൽ ഒരുതരത്തിലുമുള്ള അട്ടിമറി നടക്കില്ലെന്നും പരീക്ഷയുടെ മാർക്ക് മാത്രമാണ് ജോലി കിട്ടുന്നതിനുള്ള മാനദണ്ഡമെന്നും വിശ്വസിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പഠിക്കുന്ന ഉദ്യോഗാർഥികൾ വലിയ ആശങ്കയിലാണ്. എസ്എഫ്ഐ നേതാക്കൾ ക്രമക്കേട് നടത്തി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയെന്ന വാർത്ത വന്നതോടെ പരീക്ഷ എഴുതി വിഡ്ഢികളാവുകയാണോ എന്ന ചോദ്യമാണ് ഉദ്യോഗാർഥികൾ മുന്നോട്ട് വക്കുന്നത്.
സർക്കാർ ജോലി എന്ന സ്വപ്നം മനസ്സിൽ കണ്ടാണ് മിക്കവരും മറ്റു ജോലിക്ക് പോവാതെ വർഷങ്ങളായി പിഎസ്‌സി പരീക്ഷക്ക് പഠിക്കുന്നത്. ഇത്തരം വാർത്തകൾ ഇവർക്ക് താങ്ങാവുതിലും അപ്പുറമാണ്. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് സർക്കാർ മൗനം പാലിക്കുമ്പോൾ തങ്ങളുടെ ആശങ്ക അകറ്റാൻ പിഎസ്‌സി വലിയ ഇടപെടൽ നടത്തണമെന്നാണ് ഉദ്യോഗാർഥിയായ കെ എസ് ഹിരൺ പറയുന്നത്.
ഏതെങ്കിലും പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പുനഃപരീക്ഷ നടത്തണമെന്നും ചട്ടവിരുദ്ധമായി ആരെങ്കിലും സർക്കാർ ജോലിയിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ അവരെ പിരിച്ചു വിടണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.