കോഴിക്കോട്: രക്താര്‍ബുദ രോഗിയായ മധ്യവയസ്‌കന്‍ തുടര്‍ ചികിത്സയ്‌ക്ക് പണമില്ലാതെ ദുരിതത്തില്‍. മേലൂർ പുത്തൻപുര സ്വദേശിയായ സജീഷാണ് (42) മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ അടക്കമുള്ളവയ്‌ക്ക് പണമില്ലാതെ വലയുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പാണ് സജീഷിന് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, വെല്ലൂർ എന്നിവിടങ്ങളിലെല്ലാം സജീഷ് ചികിത്സ തേടി. എന്നാല്‍ ചികിത്സകള്‍ക്ക് ഫലം ലഭിക്കാതെ വന്നതോടെയാണ് ഡോക്‌ടര്‍മാര്‍ മജ്ജ മാറ്റി വയ്‌ക്കാന്‍ നിര്‍ദേശിച്ചത്. വെല്ലൂരിലെ ആശുപത്രിയില്‍ നിന്നാണ് വേഗത്തില്‍ മജ്ജ മാറ്റിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കൊയിലാണ്ടിയില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു സജീഷ്. കാലില്‍ ഇടയ്‌ക്ക് നീരുവരാറുണ്ടെങ്കിലും അത് ഇരുന്ന് ജോലി ചെയ്യുന്നത് കൊണ്ടാണെന്ന് കരുതി കാര്യമായി എടുത്തിരുന്നില്ല. തുടര്‍ന്ന് കാലിലെ നീര് അധികരിച്ചതോടെയാണ് സജീഷ് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ചികിത്സ തേടിയത്.
വിവിധ തരം പരിശോധനകള്‍ നടത്തിയപ്പോഴാണ് രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗം സജീഷിനെ തളര്‍ത്തിയതോടെ ജോലിയ്‌ക്ക് പോകാന്‍ കഴിയാതായി. മജ്ജ വയ്‌ക്കല്‍ ശസ്‌ത്രക്രിയ ചെയ്‌താല്‍ മാത്രമെ സജീഷിന്‍റെ അസുഖം മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വെല്ലൂര്‍ ആശുപത്രിയില്‍ നിന്ന് ശസ്‌ത്രക്രിയ നിര്‍ദേശിച്ചതോടെ ചികിത്സയ്‌ക്ക് പണമില്ലാത്ത കുടുംബം സജീഷിനെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
60 ലക്ഷം രൂപയാണ് മജ്ജ മാറ്റിവയ്‌ക്കാന്‍ ആവശ്യമായ തുക. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാനാകില്ല. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തംഗം സുധ കാവുങ്കൽ ചെയർമാനായി ഒരു ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍, ഉദ്യോഗസ്ഥ സമൂഹം, വിദേശത്തും സ്വദേശത്തുമുള്ള സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം സഹായം തേടും.
ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്നതാണ് സജീഷിന്‍റെ കുടുംബം. ഭാര്യ സൽന ജോലിക്ക് പോയിരുന്നെങ്കിലും ഭർത്താവിന് അസുഖം ബാധിച്ചതോടെ ലീവെടുത്തിരിക്കുകയാണ്. അംഗനവാടിയിലും നാലാം ക്ലാസിലും പഠിക്കുകയാണ് കുട്ടികൾ. എല്ലാ വഴികളും അടഞ്ഞതോടെ ജനങ്ങളോട് സഹായം അഭ്യർഥിക്കുകയാണ് കുടുംബം.
കാന്‍സര്‍ അല്ലെങ്കില്‍ രക്താര്‍ബുദം : സമകാലിക ലോകത്ത് അധികവും കേട്ടുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് കാന്‍സര്‍ അല്ലെങ്കില്‍ അര്‍ബുദം എന്നത്. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ വയോധികരില്‍ വരെ ഈ രോഗാവസ്ഥ കാണാനാകും.
ശരീരത്തിലെ ചില ഭാഗങ്ങളില്‍ കോശങ്ങള്‍ അധികമായി വളരുന്ന അവസ്ഥയാണ് അര്‍ബുദം. ശരീരത്തിലെ പല ഭാഗത്തും ഈ രോഗാവസ്ഥപ്പെടും. രക്തത്തില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ രക്താര്‍ബുദമെന്നാണ് അറിയപ്പെടുന്നത്. രക്തത്തെയും മജ്ജയെയുമെല്ലാം ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം.
ശരീരത്തില്‍ കാണപ്പെടുന്ന ശ്വേതരക്താണുക്കളുടെ അമിത രീതിയിലുള്ള വളര്‍ച്ചയാണ് രക്താര്‍ബുദത്തിന് കാരണം. രക്താര്‍ബുദം ബാധിച്ച ഒരാളില്‍ ശരീരത്തിലെ രക്ത കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇതാണ് ഈ രോഗത്തിന്‍റെ ആദ്യ ലക്ഷണം. ഇത്തരം ആളുകളില്‍ രക്തത്തിന്‍റെ അളവ് കുറവായിരിക്കും.
ആദ്യ ലക്ഷണത്തിന് പിന്നാലെ ത്വക്കിലൂടെയും രക്തസ്രാവം ഉണ്ടകും. ഇത്തരം രോഗികളില്‍ ഇടയ്‌ക്കിടയ്‌ക്ക് വരുന്ന പനിയും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. ശരീര ഭാരം കുറയുകയും രാത്രി കാലങ്ങളില്‍ എപ്പോഴും അമിത വിയര്‍പ്പ് ഉണ്ടാകുകയും ചെയ്യും. മലദ്വാരത്തിലൂടെ അമിത രക്തസ്രാവവും അനുഭവപ്പെടും.