കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്യാമ്പസ് ഫ്രണ്ട് വനിത വിഭാഗം മാർച്ച് നടത്തി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പാളയത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.എച്ച്. അബ്ദുൾ ഹാദി മാർച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി എത്തുന്ന യുവാക്കളെ അടിച്ചൊതുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യാമോഹിക്കേണ്ടെന്ന് കെ.എച്ച്. അബ്ദുൾ ഹാദി പറഞ്ഞു. നിരപരാധികളെ വെടിവച്ചും പെൺകുട്ടികളെ ലാത്തി കൊണ്ട് ഭയപ്പെടുത്തിയും പ്രതിഷേധത്തിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഫാത്തിമ ഷെറിൻ, ദിൽഷത്ത് ജെബിൻ, സന ജയ്ഫർ, ഫാത്തിമ ബിൻസിയ, ഫിദ തസ്നീം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.