കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസില്‍ ചീഫ് നഴ്‌സിങ് ഓഫിസറെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. വി പി സുമതിയെ സ്ഥലം മാറ്റിയ നടപടിയാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്‌തത്. കേസില്‍ ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത് (Calicut Medical College ICU Rape Case).
ചീഫ് നഴ്‌സിങ് ഓഫിസറായ വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലം മാറ്റിയത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇരുവര്‍ക്കും വീഴ്‌ച സംഭവിച്ചു എന്നായിരുന്നു അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍. ചീഫ് നഴ്‌സിങ് ഓഫീസർ ഏപ്രിലിലും നഴ്‌സിങ് സൂപ്രണ്ട് മെയ് മാസത്തിലും വിരമിക്കാനിരിക്കെ ആയിരുന്നു അച്ചടക്ക നടപടി.
ഐ സി യുവിനുള്ളില്‍ വച്ച് പീഡനത്തിന് ഇരയായ യുവതിയെ വാര്‍ഡിലെത്തി അഞ്ച് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇവരെ നേരത്തെ തന്നെ ആശുപത്രിയില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെയുള്ള പകപോക്കലാണ് ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരായ സ്ഥലം മാറ്റല്‍ നടപടിയെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രനാണ് കേസിലെ മുഖ്യപ്രതി. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍ വച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു.
അറ്റന്‍ഡറായ ശശീന്ദ്രന്‍ ആയിരുന്നു യുവതിയെ ഇവിടേക്ക് എത്തിച്ചത്. തുടര്‍ന്നായിരുന്നു പ്രതി കൃത്യം നടത്തിയത് എന്നായിരുന്നു പരാതി. ശസ്‌ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയിരുന്നത് കൊണ്ട് പൂര്‍ണമായും മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി.
Also Read : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് : ആശുപത്രിക്ക് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്ട്
തുടര്‍ന്ന്, സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഇവര്‍ വിവരം വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്‌സിനോട് പറഞ്ഞത്. പിന്നാലെ, വിവരം ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. കേസില്‍ റിമാന്‍ഡില്‍ ആയതിന് പിന്നാലെ പ്രതിയെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു (ICU Harassment Case).