കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിക്കുവേണ്ടി അനുകൂല മൊഴി നൽകിയ സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയെ വീണ്ടും സ്ഥലം മാറ്റി. ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് സ്ഥലം മാറ്റം (ICU Rape Case Calicut).
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ നഴ്‌സിങ് ഓഫീസർ, അനിതയ്‌ക്ക് പകരം ചുമതലയേറ്റു. അനിതയെ ഇടുക്കിയിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ട്രിബ്യൂണൽ രണ്ടുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്‌തിരുന്നു. വീണ്ടും വിശദീകരണം കേട്ടതിന് ശേഷമാണ് നടപടി കൈക്കൊണ്ടത്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ അനിത മൊഴി നൽകി എന്നതായിരുന്നു കണ്ടെത്തൽ.
ഈ കേസുമായി ബന്ധപ്പെട്ട് ചീഫ് നഴ്‌സിങ് ഓഫിസറെയും നഴ്‌സിങ് സൂപ്രണ്ടിനേയും സ്ഥലം മാറ്റിയിരുന്നു. ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് ഓഫിസറായ വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്. നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്‍റണിയെ കോന്നി ഗവ. മെഡിക്കൽ കോളജിലേക്കും സ്ഥലം മാറ്റിയിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചു എന്നായിരുന്നു കണ്ടെത്തൽ.
ഇരുവരോടും വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലം മാറ്റിയത്. ചീഫ് നഴ്‌സിങ് ഓഫിസർ ഏപ്രിലിലും നഴ്‌സിങ് സൂപ്രണ്ട് മെയിലും വിരമിക്കാനിരിക്കെയാണ് നടപടി. എന്നാൽ നഴ്‌സിങ് ഓഫിസറായ വി പി സുമതിയെ സ്ഥലം മാറ്റിയ നടപടി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്‌തിരുന്നു.
Also read : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് : ചീഫ് നഴ്‌സിങ് ഓഫിസറുടെ ട്രാന്‍സ്‌ഫറിന് സ്റ്റേ
ഐസിയുവിനുള്ളിൽ വച്ച് പീഡനത്തിന് ഇരയായ യുവതിയെ വാർഡിലെത്തി അഞ്ച് പേർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരാേപണം നേരത്തേ തന്നെ ഉയർന്നിരുന്നു. അതേസമയം പകപോക്കാൻ വേണ്ടിയാണ് ചീഫ് നഴ്‌സിങ് ഓഫിസറെയും നഴ്‌സിങ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയതെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. 2023 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രനാണ് കേസിലെ മുഖ്യപ്രതി (Calicut ICU Rape Case). ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു.
അറ്റന്‍ഡറായ ശശീന്ദ്രന്‍ ആയിരുന്നു യുവതിയെ ഇവിടേക്ക് എത്തിച്ചത്. തുടര്‍ന്നാണ് പ്രതി കൃത്യം നടത്തിയത് എന്നായിരുന്നു പരാതി. ശസ്‌ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയിരുന്നതുകൊണ്ട് പൂര്‍ണമായും മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി.