കോഴിക്കോട് : സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകളുടെ വന്‍ ശേഖരം കണ്ടെത്തി. ദേശീയപാത 66ന് സമീപം നെല്ലിക്കോട് വില്ലേജില്‍ കൊടമോളികുന്നിനടുത്തുള്ള റോഡരികിലെ ആളൊഴിഞ്ഞ പറമ്പിലാണ് 250ഓളം വെടിയുണ്ടകള്‍ കണ്ടെടുത്തത്. തൊട്ടടുത്ത ഭൂമി സര്‍വേ നടത്തുന്നതിനായി കാടുവെട്ടിത്തെളിച്ച തൊഴിലാളികളാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
അഞ്ച് പെട്ടികളിലായാണ് വെടിയുണ്ട കണ്ടെത്തിയത്. വെടിവയ്ക്കുമ്പോള്‍ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന ടാര്‍ഗെറ്റ്, വടി തുടങ്ങിയവയും കണ്ടെത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും വെടിയുണ്ടകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി : സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ല അധ്യക്ഷൻ വികെ സജീവൻ ആരോപിച്ചു.
ആയുധ പരിശീലനം നടത്തിയെന്ന കണ്ടെത്തൽ ഏറെ ഗൗരവമുള്ള കാര്യമാണ്. ഇത്രയധികം വെടിയുണ്ടകൾ ലൈസന്‍സുള്ള ആളുകള്‍ക്ക് പോലും കൈവശം വയ്‌ക്കാന്‍ അനുവാദമില്ല. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിച്ചു.