കോഴിക്കോട്: തൊണ്ടയാട് ബൈപാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ബാലിസ്റ്റിക്ക് സംഘത്തിന്‍റെ പരിശോധന. വെടിയുണ്ടകളുടെ കാലപ്പഴക്കം കണ്ടെത്താനാണ് പരിശോധന. പൂനെയിലും ഇംഗ്ലണ്ടിലും നിർമിച്ചവയാണിതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ലൈസൻസുള്ളവർക്ക് ഉപയോഗിക്കാർ അനുമതിയുള്ള വെടിയുണ്ടകൾ ആരെങ്കിലും ഉപേക്ഷിച്ചതാവാമെന്നാണ് വിലയിരുത്തൽ.
പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. 0.22 റൈഫിൾസിൽ ഉപയോഗിക്കുന്ന 266 ബുള്ളറ്റുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. സ്ഥലം അളക്കുന്നതിന്‍റെ ഭാഗമായി കാട് വെട്ടിത്തെളിച്ചപ്പോഴാണ് വെടിയുണ്ടകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
അഞ്ച് പെട്ടികളിലായാണ് ഇവ കണ്ടെത്തിയത്. വെടിവയ്ക്കുമ്പോൾ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന ടാർഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് പരിശീലനം നടത്താൻ സാധ്യതയില്ലെന്നും പൊലീസ് പറയുന്നു. മെഡിക്കൽ കോളജ് പൊലീസാണ് അന്വേഷണം നടത്തുന്നത്.