കോഴിക്കോട്: കേന്ദ്ര ബജറ്റ് ചെറുകിട വ്യാപാരികൾക്ക് തീർത്തും നിരാശാജനകമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഉപഭോഗം വർധിപ്പിച്ച് ആളുകളുടെ ക്രയവിക്രയം വർധിപ്പിക്കുമെന്ന് പറയുന്നത് വിഢിത്തമാണെന്നും സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബജറ്റ് കോർപറേറ്റുകൾക്കാണ് ആശ്വാസം നൽകുന്നത്. കോർപ്പറേറ്റുകളുടെ നികുതിയിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഇളവ് ലഭിച്ചാൽ കോർപ്പറേറ്റുകൾ പുതിയ സംരംഭം തുടങ്ങി പാവപ്പെട്ടവർക്ക് ജോലി നൽകുമെന്ന് പറയുന്നത് തികച്ചും അജ്ഞാതമായ ശാസ്‌ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത്തരക്കാരുടെ കൈയില്‍ പണം എത്തുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടിയുമില്ല. കണക്കുകൾ കൊണ്ടുള്ള കള്ളക്കളി മാത്രമാണ് കേന്ദ്ര ബജറ്റെന്നും നസറുദീന്‍ കുറ്റപ്പെടുത്തി. ബജറ്റിൽ അവഗണിച്ചതിലെ പ്രതിഷേധം വ്യാപാരികൾ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.