കോഴിക്കോട്: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ചെക്യാട് അരീക്കരക്കുന്ന് ബിഎസ്എഫ് യൂണിറ്റിലെ അസി.സബ് ഇൻസ്പെക്ടർ മരിച്ചു. മധ്യപ്രദേശ് ബൂഷാഫൂർ സ്വദേശി ദിനേഷ് ചന്ദ് റാണെ (55) ആണ് മരിച്ചത്. കൊവിഡ് രോഗം ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തിയ്യതി മുതൽ തലശേരി ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചതോടെ കണ്ണൂർ പരിയാരം മെഡിക്കൽ കേളജിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരമറിഞ്ഞ് മദ്ധ്യപ്രദേശിൽ നിന്ന് ബന്ധുക്കൾ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്ച പയ്യാമ്പലം ബീച്ചിൽ സംസ്ക്കരിക്കാനാണ് തീരുമാനം. ഭാര്യ: ശോഭ റാണെ.മക്കൾ: രേണുക റാണെ, തനു റാണെ, സുബാംഗി സെൻ. ചെക്യാട് അരീക്കരക്കുന്ന് ബി.എസ്.എഫ്. കേന്ദ്രത്തിലെ 270 ഓളം സൈനികർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.