കോഴിക്കോട്: ഓടയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്‌ണുവിന്‍റെ മൃതദേഹമാണ് കണ്ണാടിക്കലിൽ കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെൽമെറ്റും ഓടയിൽ നിന്നുതന്നെ കണ്ടെത്തി.
വേഗത്തിൽ വന്ന ബൈക്ക് തെന്നിനീങ്ങി അപകടത്തില്‍ പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. അപകട സാധ്യതയുള്ള മേഖലയാണിത്. ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ബോക്‌സിങ് പരിശീലകനായിരുന്നു മരിച്ച വിഷ്‌ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്ന വഴി അപകടം സംഭവിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.
വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം: അതേസമയം ഇന്നലെ (ഓഗസ്റ്റ് 13) കൊയിലാണ്ടി ഊരള്ളൂരിൽ മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഊരള്ളൂർ - നടുവണ്ണൂർ റോഡിനോട് ചേര്‍ന്നുള്ള വയലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആദ്യം കാലിന്‍റെ ഭാഗം മാത്രം കണ്ടെത്തുകയും പിന്നീട് പൊലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ വയലിന്‍റെ മറ്റൊരു വശത്തു നിന്ന് മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.
പിന്നാലെ മൃതദേഹം ഊരള്ളൂര്‍ സ്വദേശി രാജീവന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. 54 കാരനായ രാജീവന്‍ പെയിന്‍റിങ് തൊഴിലാളിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇയാളുടെ വസ്‌ത്രത്തിന്‍റെ ഭാഗം കണ്ട് ഭാര്യയാണ് തിരിച്ചറിഞ്ഞത്. രാജീവന്‍റെ വസ്‌ത്രവും ചെരിപ്പും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ ഇയാളുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു.
Also Read : കോഴിക്കോട് മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വയലില്‍ ; അന്വേഷണം
മൃതദേഹത്തിന് 3-4 ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് നായ മണം പിടിച്ച് ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. ഈ വീട്ടിലെ സിസിടിവി തകര്‍ത്ത നിലയിലാണ്. കൊലപാകമാണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
ഊരള്ളൂർ ടൗണില്‍ നിന്ന് അര കിലോമീറ്റർ അകലെയുള്ള വയലില്‍ നിന്നാണ് രാജീവന്‍റെ മൃതദേഹം ലഭിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ കാലിന്‍റെ ഭാഗം വയലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുറുക്കന്‍റെയും പട്ടിയുടെയുമൊക്കെ വിഹാര കേന്ദ്രമാണ് ഈ വയൽ. അതുകൊണ്ടുതന്നെ ശരീരം കടിച്ചുമുറിച്ച് പല ഭാഗങ്ങളിലായി മൃഗങ്ങൾ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലമെന്നും നാട്ടുകാർ പറഞ്ഞു. കൊലപാതകം എന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ് പൊലീസ്. അന്വേഷണം നടക്കുന്നതായി കോഴിക്കോട് റൂറല്‍ എസ് പി അജിത് കുമാര്‍ അറിയിച്ചു. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
Also Read : 'കൊയിലാണ്ടിയില്‍ വയലില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ പെയിന്‍റിങ് തൊഴിലാളിയുടേത്' ; തിരിച്ചറിഞ്ഞ് ഭാര്യ