കോഴിക്കോട്: വിലങ്ങാട് ചിറ്റാരി മലയില്‍ വന്‍കിട കരിങ്കല്‍ ഖനനത്തിന് ഭൂമാഫിയ വീണ്ടും ശ്രമം തുടങ്ങി. ചിറ്റാരിയിലും പരിസരങ്ങളിലുമായി 150 ഏക്കർ ഭൂമി വാങ്ങുകയും എറണാകുളം ആസ്ഥാനമായുള്ള മലയോരം റോക്ക് പ്രോഡക്ട്‌സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തുമാണ് വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഖനനത്തിനായി കേരള പൊലീസിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനും മലയാള സിനിമാ നടനും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം മലയോരത്ത് നൂറിലധികം ഏക്കര്‍ ഭൂമിയാണ് ഖനനത്തിനായി 2009 കാലഘട്ടത്തിൽ വാങ്ങിയത്.
കണ്ണൂര്‍, വയനാട് ജില്ലകളുടെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ സ്ഥലമാണ് ചിറ്റാരി മല. മുമ്പ് പല തവണയായി ഉരുള്‍ പൊട്ടലും മണ്ണൊലിപ്പും അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങൾ നേരിട്ട പ്രദേശമാണ് ഇത്. ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ്. 2011ലാണ് സംഘം ആദ്യമായി ഇവിടെ ഖനനം നടത്താന്‍ ശ്രമം തുടങ്ങിയതും ക്വാറി പ്രവർത്തനം ആരംഭിച്ചതും. മേഖലയിലെ പ്രധാന ജല സ്രോതസുകള്‍ മണ്ണിട്ട് നികത്തിയാണ് ക്വാറിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയതോടെ ക്വാറി പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖല കൂടിയാണ് ചിറ്റാരി. എൽപി സ്‌കൂള്‍, അംഗനവാടി എന്നീ സ്ഥാപനങ്ങളും ക്വാറി പരിസരത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ക്വാറി പരിസരത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനായി മെഗസിൻ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
മേഖലയിലെ പരിസ്ഥിതി ചൂഷണത്തിനെതിരെ നേരത്തെ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. സമീപ പ്രദേശമായ ചൂരണി ക്വാറിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ച ജെസിബിയും മറ്റും 2013 ൽ മാവോയിസ്റ്റുകൾ തീ വെച്ച് നശിപ്പിച്ചിരുന്നു. ഇപ്പോൾ റിമാന്‍റിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കണ്ണൂർ ക്രൈം ബ്രാഞ്ച് യൂണിറ്റാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.