കോഴിക്കോട്: സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് തീരദേശ ജില്ലകളിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും.
തീരദേശ മേഖലയിൽ കായിക സംസ്‌കാരം വളർത്താനും മത്സ്യത്തൊഴിലാളികൾക്കിടയിൽ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുമാണ് ബീച്ച് ഗെയിംസ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്‌ടർ എസ്.സാംബശിവ റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വടംവലി, കബഡി, വോളിബോൾ, ഫുട്ബോൾ എന്നീ മത്സരങ്ങൾ നടക്കും. രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം വിഭാഗം പൊതുജനങ്ങൾക്കും രണ്ടാം വിഭാഗം മത്സ്യത്തൊഴിലാളികൾക്ക് മാത്രവുമാണ്. ഇതിന് പുറമെ കോഴിക്കോട് വെച്ച് വടംവലി മത്സരത്തിന്റെ സംസ്ഥാന ഫൈനൽ മത്സരവും നടക്കും.