കോഴിക്കോട്: ബാലുശേരി ആൾക്കൂട്ട ആക്രമണ കേസിൽ ജിഷ്‌ണുവിനെ ക്രൂരമായി മർദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. എസ്‍.ഡി.പി.ഐ ജില്ല നേതാവ് സഫീറിനെയാണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. അതേസമയം, സഫീറിനെ ചൊവ്വാഴ്‌ച കസ്റ്റഡിയിലെടുത്ത ശേഷം, സംഭവം നടന്ന പലോളിമുക്കിലെ കടയ്‌ക്ക് നേരെ ആക്രമണം നടന്നു. ഷൈജലിന്‍റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷൻ കടയിലേക്ക് പടക്കമെറിയുകയായിരുന്നു.
ജിഷ്‌ണുകേസിലെ പ്രതികൾ ഇരിക്കാറുള്ള കടയാണിത്. സംഭവത്തിൽ ആർക്കും പരുക്കേല്‍ക്കുകയോ കടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‌തിട്ടില്ല. കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദനമാണ് ജിഷ്‌ണുവിനെതിരെ ഉണ്ടായതെന്നാണ് പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണിത്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിലുള്ളത്.
എസ്‍.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്‌ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. രാഷ്‌ട്രീയ വിരോധമാണ് ജിഷ്‌ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്.