കോഴിക്കോട്: വിദ്യാർഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്‍റെ വാദം നവംബര്‍ ആറിന് കോടതി വീണ്ടും പരിഗണിക്കും. വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി യുഎപിഎ സംബന്ധിച്ച വാദം ആറാം തിയതിയിലേക്ക് മാറ്റിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരാങ്കാവ് പൊലീസ് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.
കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും പൊലീസ് ചുമത്തിയ കുറ്റം തള്ളാൻ സെഷന്‍സ് കോടതിക്ക് സാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. യുഎപിഎ വാദത്തിൽ ഉറച്ച് നിൽക്കുന്ന പ്രോസിക്യൂഷൻ ഇക്കാര്യം പരിശോധിക്കും. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോടതിക്ക് പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കേണ്ടി വരുമോ എന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കുന്നതിനാണ് പ്രോസിക്യൂഷന് ഒരു ദിവസത്തെ സമയം കോടതി അനുവദിച്ചത്. പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കാനുള്ള സാധ്യത കൂടുകയാണെങ്കില്‍ ആറാം തിയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ വലിയ എതിർവാദം ഉന്നയിക്കാനിടയില്ല.അതേ സമയം പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെയും തുടരും.