കോഴിക്കോട് : അകക്കണ്ണിൻ്റെ വെളിച്ചത്തിൽ പാട്ട് പാടി രസിപ്പിച്ച ആയിഷ സമീഹ(Ayisha Sameeha) സങ്കടത്തിലാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്(differently abled students) മുന്നിൽ സർക്കാർ കണ്ണ് തുറക്കണം എന്നാണ് സമീഹയുടെ ആവശ്യം.
ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഓൺലൈൻ ക്ലാസ്(online class) നടക്കുന്നുണ്ടെങ്കിലും കാഴ്‌ചയില്ലാത്തവർക്ക് തൊട്ട് പഠിക്കാൻ ഒരു സംവിധാനവുമില്ല. എല്ലാ കുട്ടികൾക്കും ഭക്ഷണക്കിറ്റ് ലഭിച്ചു, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അതും ലഭിച്ചില്ല.
കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ കൊവിഡ് വന്നതോടെ നിർത്തി. പഠനോപകരണങ്ങൾ തരാതെയും പാഠപുസ്‌തകങ്ങൾ വൈകിപ്പിച്ചും ബുദ്ധിമുട്ടിലാക്കി. സിനിമ തിയേറ്ററുകൾ തുറന്നു. ബസും ട്രെയിനും ഓടാൻ തുടങ്ങി. വിവാഹ ചടങ്ങുകളും അടിപൊളിയായി നടക്കുന്നു. തങ്ങൾക്ക് മാത്രമെന്താണ് വിലക്ക്.
ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഡിഇഒ ഓഫിസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ആയിഷ സമീഹ. വൈദ്യരങ്ങാടി വി.പി സിദ്ദീഖിന്‍റെയും റൈഹാനത്തിന്‍റെയും മകളാണ് സമീഹ.
ജന്മനാ കാഴ്‌ചയില്ലാത്ത സമീഹ കൊളത്തറയിലെ ഭിന്നശേഷിക്കാരുടെ വിദ്യാലയത്തില്‍ ആറാം ക്ലാസിലാണ്. കാഴ്‌ച കിട്ടാൻ രണ്ട് വര്‍ഷത്തോളം പല ചികിത്സകളും നടത്തിയെങ്കിലും ഡോക്‌ടര്‍മാരെല്ലാം കൈയൊഴിഞ്ഞു.
പിന്നീടാണ് സ്‌കൂളിൽ ചേർത്തത്. പാട്ടുകൾ കേട്ട് മനോഹര ശബ്‌ദത്തിലൂടെ പാടിയതോടെ ആയിഷ സമീഹ താരമായി. എന്നാൽ സ്‌കൂൾ തുറന്നിട്ടും പഠിക്കാൻ പോകാൻ പറ്റാത്തതിന്‍റെ വിഷമം പങ്കുവയ്ക്കുകയാണ് ആയിഷ.