കോഴിക്കോട്: പൊലീസിന് ഭീഷണിയുമായി രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട അവിഷിത്ത് കെ.ആറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ മുൻ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
![rahul gandhi office attack case avishith facebook post threatening police veena george personal staff member avishith വീണ ജോർജ് പേഴ്‌സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റ് രാഹുൽ ഗാന്ധി എംപി ഓഫിസ് ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/kl-kkd-25-07-avishith-post-7203295_25062022124837_2506f_1656141517_686.jpg)
ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്. ഈ സംഭവത്തിന്‍റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോര കുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ നേരിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്‌തിരുന്നു.
അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: എസ്എഫ്ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം, എസ്എഫ്ഐക്ക് അതിൽ ഇടപെടാൻ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട്; ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്. സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്‌ട സംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ…
ഇപ്പോൾ വയനാട് എംപി വീണ്ടും മൂന്ന് ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്‍റ് മണ്ഡലം. ഈ സംഭവത്തിന്‍റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും.