കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ഉദ്യോഗസ്ഥരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് മാഞ്ഞ് പോയെന്ന് ആശുപത്രി അധികൃതര്‍. പന്ത്രണ്ട് ദിവസം മാത്രമെ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉണ്ടാകൂവെന്ന് ആശുപത്രി സൂപ്രണ്ട് പൊലീസിനെ രേഖാമൂലം അറിയിച്ചു. പന്ത്രണ്ട് ദിവസത്തിന് ശേഷം ഡിസ്‌ക്കിലെ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് റെക്കോഡാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
സെപ്‌റ്റംബര്‍ 16നാണ് ആശുപത്രി സൂപ്രണ്ടിനോട് മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക്ക് ആവശ്യപ്പെട്ടത്. സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്‌ചയാണ് പൊലീസിന്‍റെ ഭാഗത്തുണ്ടായതെന്ന് വിവിധയിടങ്ങളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. സാധാരണ രീതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം ചെയ്യുക എന്നാല്‍ കേസിലെ പൊലീസിന്‍റെ സമീപനത്തില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
നിലവിലുള്ള ദൃശ്യങ്ങൾ പ്രാഥമിക തെളിവായി കോടതി പരിഗണിക്കാൻ സാധ്യതയില്ല. കേസില്‍ അന്വേഷണം നടത്താന്‍ ഹാര്‍ഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കുകയെന്ന ഒറ്റ മാര്‍ഗമാണ് പൊലീസിന് മുന്നിലുള്ളത്. ഓഗസ്റ്റ് 31-ന് ആണ് മെഡിക്കല്‍ കോളേജ് സുരക്ഷ ജീവനക്കാരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സൂപ്രണ്ടിന്‍റെ ഓഫിസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
അതേസമയം മെഡിക്കല്‍ കോളജ് പരിസരത്ത് സിപിഎം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മെഡിക്കല്‍ കോളജ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സംസാരിക്കവെ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. ആക്രമണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളോട് പൊതു ജനത്തിന്‍റെ വിശ്വാസ്യത നഷ്‌ടപ്പെട്ടിരിക്കുകയാണെന്ന് മോഹനന്‍ കുറ്റപ്പെടുത്തി.