കോഴിക്കോട്: സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്‍റെ തലവനെ അപായപ്പെടുത്താൻ ശ്രമം. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.
വയനാട് കൽപ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതൽ എടവണ്ണപ്പാറവരെ നാല് വാഹനങ്ങൾ തന്‍റെ വാഹനത്തെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. നാല് തവണ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാർ പൊലീസിന് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
രണ്ട് ബൈക്കുകളാണ് ആദ്യം തന്‍റെ വാഹനത്തെ പിന്തുടർന്ന് എത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ സുമിത് കുമാർ പറയുന്നു. പിന്നീട് രണ്ട് കാറുകൾകൂടി എത്തി. ഒരു ബൈക്കും കാറും തന്‍റെ വാഹനത്തെ മറികടന്ന് മുന്നിൽ കയറി. എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളുടെ നമ്പറുകളും അദ്ദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങൾ അടുത്തിടെ കൊടുവള്ളി സ്വദേശികൾ വാങ്ങിയെന്ന വിവരവും അദ്ദേഹം പൊലീസിന് നൽകിയിട്ടുണ്ട്. തന്‍റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി. സംഭവത്തിൽ കസ്റ്റംസും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.