കോഴിക്കോട്: ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കാൽ നൂറ്റാണ്ട് കാലം കോഴിക്കോട് മേയർ ആയിരുന്ന തോട്ടത്തിൽ രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. യുഡിഎഫിന് വേണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തും മത്സരിക്കുന്നു.
എ പ്രദീപ് കുമാർ എംഎൽഎ നടപ്പാക്കിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് വോട്ട് തേടുന്നത്. തന്നെ അറിയാത്ത കോഴിക്കോട്ടുകാരില്ലെന്നും വിജയം ഉറപ്പാണെന്നും തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു. മേയറായിരിക്കെ നടപ്പാക്കിയ പദ്ധതികൾ ഓരോന്നായി അദ്ദേഹം എണ്ണിപ്പറയുകയാണ്. മത്സരത്തിനിറങ്ങിയ രണ്ട് മുന്നണികൾക്കും പ്രസക്തിയില്ലെന്ന് പറയുന്ന അദ്ദേഹം വിജയിച്ചാൽ ആദ്യം പൂർത്തിയാക്കുക പ്രദീപ് കുമാർ തുടങ്ങി വെച്ച പദ്ധതികളായിരിക്കും എന്നും അടിവരയിടുന്നു.
എന്നാൽ പൊള്ളയായ വികസനമാണ് എൽഡിഎഫ് നടത്തിയതെന്നാണ് എംടി രമേശിന്‍റെ ആരോപണം. സ്കൂളിന്‍റെ പേരിൽ എല്ലാമായി എന്ന് ധരിക്കുന്ന എംഎൽഎ കുടിവെള്ള പ്രശ്നങ്ങൾ അടക്കമുള്ള ഒന്നും കണ്ടില്ല. യുഡിഎഫ് ഇവിടെ അപ്രസക്തമാണെന്നും വിജയിച്ചാൽ നോർത്ത് മണ്ഡലത്തെ ഒരു ടൂറിസം ഹബ്ബാക്കുമെന്നും എംടി രമേശ് പറഞ്ഞു.
അതേസമയം യുവാവെന്ന നിലയിൽ തന്നെ ജനം ഏറ്റെടുത്തെന്നാണ് കെഎം അഭിജിത്ത് പറയുന്നത്. കണ്ണിൽ പൊടിയിടുന്ന വികസനമാണ് ഇവിടെ എൽഡിഎഫ് നടത്തിയത്. സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തിയാൽ അതിനെയും അതിജീവിച്ച് ജയിക്കുമെന്ന പ്രതീക്ഷയാണ് അഭിജിത്തും പങ്കുവെയ്ക്കുന്നത്. വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിൽ നോർത്ത് മണ്ഡലം തിളയ്ക്കുകയാണ്. മൂന്ന് സ്ഥാനാർഥികളും ഒന്നിനൊന്ന് മികവ് കാണിച്ച് മുന്നേറുമ്പോൾ ഫല പ്രവചനം അസാധ്യമാവുകയാണ്.