കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫിസിൽ പൊലീസ് പരിശോധന നടത്തി. പി.വി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയിൽ പൊലീസാണ് പരിശോധന നടത്തിയത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്‌റ്റന്‍റ് കമ്മിഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫിസിൽ പരിശോധന നടത്തിയത്.
പരിശോധന വന്ന വഴി: കഴിഞ്ഞ മാസം മുതൽ ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തിൽ പി.വി അൻവര്‍ എംഎൽഎ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ചാണ് ചാനൽ അധികൃതർ പ്രതികരിച്ചത്. പിന്നാലെ നിയമസഭയിൽ ഇതു സംബന്ധിച്ച് ഒരു ചോദ്യം വന്നിരുന്നു. ശേഷം എംഎൽഎ വെള്ളയിൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിൽ പൊലീസെത്തി പരിശോധന നടത്തുകയുമാണുണ്ടായത്.
പരിശോധനക്ക് പിന്നില്‍ വൈരാഗ്യമെന്ന് ചാനല്‍: ഗുരുതര സ്വഭാവമുള്ള പല കേസുകളിലും കാണിക്കാത്ത അതിവേഗം ഈ കേസിൽ പൊലീസിൽ കാണിക്കുന്നത് സംശയത്തിന് ഇടനൽകുന്നുണ്ടെന്നാണ് ചാനലിന്‍റെ പരാതി. പി.വി അൻവര്‍ എംഎൽഎയുടെ ഭൂമി കയ്യേറ്റവും തടയണ നിര്‍മാണവും ആഫ്രിക്കയിലേക്കുള്ള യാത്രയുമടക്കം വിവിധ സംഭവങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തകൾ നൽകിയിരുന്നു. രാവിലെ 10.45 ന് തുടങ്ങിയ പരിശോധന 2:30 നാണ് അവസാനിച്ചത്.
പരിശോധന സംഘത്തില്‍ ആരെല്ലാം: പരാതി കിട്ടിയതിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനയെന്നും ഒന്നും കസ്‌റ്റഡിയിൽ എടുത്തിട്ടില്ലെന്നും എഎസ്‌പി എൽ സുരേഷ് പ്രതികരിച്ചു. വെള്ളയിൽ സിഐ ബാബുരാജ്, നടക്കാവ് സി.ഐ ജിജീഷ്, ടൗണ്‍ എസ്ഐ വി.ജിബിൻ, എഎസ്ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെൽ ഉദ്യോഗസ്ഥൻ ബിജിത്ത് എൽ.എ, തഹസിൽദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫിസര്‍ എം.സാജൻ എന്നിവരടങ്ങിയ സംഘമാണ് ഓഫിസിൽ പരിശോധനയ്‌ക്കെത്തിയത്.
മുമ്പ് വിലക്ക്, ഇപ്പോള്‍ തെരച്ചില്‍: അതേസമയം 2020 മാര്‍ച്ച് ആറിന് മുഖ്യധാര മാധ്യമ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയവൺ എന്നിവയുടെ സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയത്തിന്‍റേതായിരുന്നു ഈ നടപടി. മാർഗനിർദേശങ്ങൾ ലംഘിച്ച് ഡൽഹി കലാപം റിപ്പോർട്ട് ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നായിരുന്നു ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന് മേലുള്ള വിലക്ക് അന്ന് അര്‍ധരാത്രി ഒന്നരയോടെ തന്നെ മന്ത്രാലയം നീക്കിയിരുന്നു. മീഡിയ വണിന്‍റെ വിലക്ക് നീക്കിയത് മാര്‍ച്ച് ഏഴിന് രാവിലെ ഒമ്പതരയോടെയായിരുന്നു.
നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരു ചാനലുകളും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് വിലക്ക് മാറ്റിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയെ താത്‌കാലികമായി നിർത്തിവച്ച കേന്ദ്ര സർക്കാര്‍ നടപടിക്കെതിരെ കോൺഗ്രസും സിപിഐയും കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.