കോഴിക്കോട്: കേരളത്തിലെ ഓരോ ആഘോഷങ്ങളും വ്യത്യസ്‌തമാകുകയാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓണവും പെരുന്നാളുമൊക്കെ ആഘോഷിച്ച മലയാളി ശ്രീകൃഷ്‌ണജയന്തിയും ചടങ്ങ് മാത്രമാക്കി ഒതുക്കി. നഗരവീഥികൾ അമ്പാടിയാകുന്ന കാഴ്‌ച ഇത്തവണയുണ്ടായില്ല. പകരം ഓരോ വീടുകളും അമ്പാടിയാകുന്ന മനോഹര കാഴ്‌ചയാണ് സംസ്ഥാനത്തുണ്ടായത്. മഞ്ഞപ്പട്ടും ഓടക്കുഴലും മയിൽപ്പീലിയും ചൂടിയെത്തുന്ന കണ്ണന്മാരും പട്ടുപാവാടയണിഞ്ഞ് വെണ്ണക്കുടമേന്തിയെത്തുന്ന ഗോപികമാരുമെല്ലാം വീടുകളിൽ തന്നെ അമ്പാടിയൊരുക്കി..
രോഹിണി നക്ഷത്രവും അഷ്‌ടമി തിഥിയും ചേർന്നു വരുന്ന ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്‌ണൻ പിറവിയെടുത്തെന്നാണ് വിശ്വാസം. എല്ലാ വർഷവും ഇന്നേദിവസമാണ് ശ്രീകൃഷ്‌ണ ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണ ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വ ശാന്തിയേകാം എന്ന സന്ദേശം വിളമ്പരം ചെയ്‌ത് ബാലികാ ബാലന്മാർ സ്വഗൃഹങ്ങളിൽ അഷ്‌ടമിരോഹിണി ദിനം ആഘോഷിച്ചു. വീടുകളിൽ തന്നെ കൃഷ്‌ണ കുടീരവും കണ്ണനൂട്ടും നൽകി കുരുന്നുകൾ കൊവിഡ് കാലത്തെ ജന്മാഷ്‌ടമി ആഘോഷിച്ചു.