കോഴിക്കോട്: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷാഫലം പുറത്തുവന്നപ്പോൾ രണ്ടാം ശ്രമത്തിൽ തന്നെ കേരളത്തിൽ ഒന്നാം റാങ്ക് നേടി ആര്യ ആർഎസ്. 720 ൽ 711 മാർക്ക് നേടിയാണ് ആര്യ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത്. ദേശീയ തലത്തിൽ 23–ാം റാങ്കും പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്‌ക്കാണ്. റാങ്ക് ലിസ്‌റ്റിലെ ആദ്യ 50 പേരിലെ ഏക മലയാളി കൂടിയാണ് ആര്യ.
താമരശ്ശേരി തൂവക്കുന്നുമ്മൽ രമേഷ് ബാബുവിൻ്റെയും (എസ്.എസ്.ബി. എസ്.ഐ താമരശ്ശേരി) ഷൈമയുടെയും മകളാണ് ആര്യ. ആദ്യ നീറ്റ് പരീക്ഷയിൽ ലക്ഷ്യം കാണാതെ പോയെങ്കിലും രണ്ടാം തവണ പഠനം കഠിനമാക്കി. കഠിന ശ്രമം ഫലം കണ്ടതിൻ്റെ സന്തോഷം വീട്ടുകാരും പങ്കുവെച്ചു.
കഠിന പരിശ്രമത്തിന്‍റെ ഫലം : പ്ലസ്‌ടു വരെ താമരശ്ശേരി അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ആര്യയുടെ പഠനം. കഴിഞ്ഞ വർഷത്തെ പ്രവേശന പരീക്ഷയിൽ 53,000ത്തിന് അടുത്തായിരുന്നു റാങ്ക്. ചെറുപ്പം മുതലേ മനസിൽ സങ്കൽപ്പിച്ചിരുന്ന ആഗ്രഹം സഫലമാക്കാൻ പിന്നീട് രണ്ടും കൽപ്പിച്ച് ഇറങ്ങി. ശേഷം പാലാ ബ്രില്യൻ്റ്‌സിൽ പരിശീലനത്തിന് ചേർന്നു.
ഓൺലൈനായായിരുന്നു പഠനം. ഓരോ ദിവസവും നിശ്ചിത പാഠഭാഗങ്ങൾ ചിട്ടയായി തീർത്തു. പാഠഭാഗങ്ങൾ മന:പാഠമാക്കി. ഡോക്‌ടറാകണമെന്ന അതിയായ ആഗ്രഹവും ചേർന്നപ്പോൾ പരിശ്രമം തീവ്രമാക്കി. ഒടുവിൽ ഫലം വന്നപ്പോൾ തൻ്റെ ആഗ്രഹം സഫലമായതിൻ്റെ സന്തോഷത്തിലാണ് ആര്യ.
പ്ലസ് ടുവിന് ഉന്നത വിജയം നേടിയ ആര്യ നർത്തകിയും ഗായികയുമാണ്. സഹോദയ സ്‌കൂൾ കലോത്സവത്തിന് മോഹനിയാട്ടത്തിൽ വിജയം നേടിയിട്ടുണ്ട്. ചേളന്നൂർ എസ്.എൻ. കോളജിലെ എം.എ. ഇംഗ്ലീഷ് വിദ്യാർഥിനി അർച്ചന സഹോദരിയാണ്.
നീറ്റ് യുജി ദേശീയ ഫലം : നീറ്റ് യുജി 2023 റാങ്ക് ലിസ്‌റ്റിൽ രണ്ടുപേരാണ് ദേശീയ തലത്തിൽ ഇത്തവണ ഒന്നാം റാങ്ക് നേടിയിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രപഞ്ചനും ആന്ധ്രാപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇരുവരും 99.99 ശതമാനം മാർക്കാണ് നേടിയത്.
20.38 ലക്ഷം പേർ പരീക്ഷ എഴുതിയതിൽ 11.45 ലക്ഷം വിദ്യാർഥികളാണ് യോഗ്യത നേടിയത്. ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചിട്ടുള്ളത്. 1.36 ലക്ഷം വിദ്യാർഥികളാണ് ഉത്തർ പ്രദേശിൽ നീറ്റ് യുജിയിൽ യോഗ്യത നേടിയത്.
മഹാരാഷ്‌ട്ര (1.31 ലക്ഷം) രാജസ്ഥാൻ (ഒരു ലക്ഷം) എന്നീ സംസ്ഥാനങ്ങൾ യോഗ്യത നേടിയവരുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. ആദ്യ 50 റാങ്കിൽ കൂടുതലും ആൺകുട്ടികളാണുളളത്. മെയ് ഏഴിനും ജൂൺ ആറിനുമായി 4,097 കേന്ദ്രങ്ങളിലാണ് ഇത്തവണ നീറ്റ് യുജി പരീക്ഷ നടത്തിയത്. ഇന്ത്യയ്‌ക്ക് പുറത്ത് 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
also read : NEET 2023 | നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് പങ്കിട്ട് രണ്ടുപേർ, കൂടുതൽ വിജയികൾ ഉത്തർപ്രദേശിൽ