കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ (Arrest in Kozhikode Deep Fake Fraud Case). ഗോവൻ കാസിനോകളിൽ സ്ഥിരമായി ചൂതാട്ടത്തിൽ ഏർപ്പെടുന്ന സിദ്ധേഷ് ആനന്ദ് (42), അമരീഷ് അശോക് പാട്ടീൽ എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസും, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി വീഡിയോ വ്യാജമായി നിര്‍മിച്ച് 40,000 രൂപ തട്ടിയ കേസിലാണ് അറസ്‌റ്റ്.
തട്ടിപ്പ് നടത്താന്‍ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും, വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകൾ നിർമ്മിക്കാൻ സഹായിക്കുകയും ചെയ്‌ത ഇവർ മഹാരാഷ്ട്ര സ്വദേശികളാണ്. തട്ടിപ്പിന് ഉപയോഗിച്ച ആറ് മൊബൈൽ ഫോണുകളും, 30 ൽ അധികം സിം കാർഡുകളും, 10 ൽ അധികം ATM കാർഡുകളും, ബാങ്ക് ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്‌ടർ വിനോദ് കുമാർ എം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബീരജ് കുന്നുമ്മൽ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്‌ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേസിലെ മറ്റൊരു പ്രതിയായ ഷെയ്ക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് (43) എന്നയാളെ അന്വേഷണ സംഘം കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്‌മാന്‍പുര സ്വദേശി കൗശല്‍ ഷാ (42)യുടെ കൂട്ടാളിയാണ് പിടിയിലായ ഷെയ്ക്ക് മുര്‍തുസാമിയ. ഗുജറാത്തിലും കര്‍ണാടകയിലും രജിസ്‌റ്റര്‍ ചെയ്‌ത സമാന സ്വഭാവമുള്ള കേസുകളില്‍ ഇയാൾ ഉള്‍പ്പെട്ടിട്ടുണ്ട്.
തട്ടിപ്പിന്‍റെ വഴി : കേന്ദ്ര ഗവ. സ്ഥാപനത്തില്‍ നിന്നും റിട്ടയര്‍ ചെയ്‌ത രാധാകൃഷ്‌ണനില്‍ നിന്ന് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് പ്രതികള്‍ പണം തട്ടിയത്. രാധാകൃഷ്‌ണന്‍റെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തിന്‍റെ ശബ്‌ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേന 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. നേരിട്ട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതികൾ രാധാകൃഷ്‌ണന്‍റെ സുഹൃത്തിന്‍റെ എഐ നിർമ്മിത രൂപവും ശബ്‌ദവും ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യുകയായിരുന്നു.
അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ഗുജറാത്തിലെ ഉസ്‌മാന്‍പുര ഭാഗത്തുള്ള കൗശല്‍ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗോവ ആസ്ഥാനമായുള്ള ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിന്‍റെ പേരിലുള്ള ആര്‍ബിഎല്‍ ബാങ്കിന്‍റെ അക്കൗണ്ടിലേക്കും എത്തി എന്നും അന്വേഷണത്തില്‍ മനസിലായിരുന്നു.
അതേസമയം, തട്ടിപ്പിലെ മുഖ്യ പ്രതി കുശാല്‍ ഷാ നേപ്പാളിലേക്ക് കടന്നതായാണ് മുര്‍ത്തുസാമിയ ഹയത്ത് ഭായിയില്‍ നിന്ന് ലഭിച്ച വിവരം. പൊലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ സ്വന്തം വീട്ടുകാരുമായി അകന്നുകഴിയുകയാണ് കുശാല്‍ ഷായെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും മുംബൈയിലും ഗോവയിലും മാറി മാറി താമസിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുവരികയാണ് പൊലീസ്.