കോഴിക്കോട് : അരിക്കുളത്തെ പന്ത്രണ്ടുകാരൻ്റെ കൊലപാതകത്തിൽ പ്രതിയായ താഹിറയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് റിപ്പോർട്ട്. പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് കൃത്യം നടത്തിയതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ത്വക്ക് രോഗത്തിനും ശാരീരിക അവശതയ്ക്കുമാണ് താഹിറ മരുന്ന് കഴിക്കുന്നത്.
ശാരീരിക പ്രശ്‌നങ്ങൾ കൊണ്ടുള്ള നിരാശ മാത്രമാണ് പ്രതിക്കുള്ളത്. നല്ല അന്തരീക്ഷത്തിൽ കഴിയുന്ന ജ്യേഷ്‌ഠൻ്റെ കുടുംബത്തോടുള്ള അസൂയയാണ് വൈരാഗ്യമായി മാറിയത്. താഹിറയെ സഹിക്കാൻ പറ്റാതായതോടെയാണ് അരിക്കുളം മുക്കിൽ അടുത്തടുത്ത വീടുകളിൽ കഴിയുകയായിരുന്ന സഹോദരനും കുടുംബവും ചങ്ങരോത്തുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റിയത്.
അവിടെ നിന്നാണ് അരിക്കുളത്തെ വാടക വീട്ടിലേക്ക് ഈ കുടുംബം മാറിയത്. പ്രശ്‌നങ്ങൾക്കെല്ലാം അയവ് വന്നു എന്ന് കരുതിയിരിക്കെയാണ് താഹിറ പദ്ധതി നടപ്പിലാക്കിയത്. സഹോദരൻ മുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
ഇതിനായി രണ്ടാഴ്‌ച മുമ്പ് കൊയിലാണ്ടിയില്‍ എത്തി എലിവിഷം വാങ്ങിച്ചു. നഗരത്തിലെ വളം വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് വിഷം വാങ്ങിയത്. ഏപ്രിൽ 16ന് ഞായറാഴ്‌ചയാണ് ഐസ്ക്രീമിൻ്റെ ഫാമിലി പാക്കറ്റ് അരിക്കുളം മുക്കിലെ കടയിൽ നിന്ന് രാവിലെ 9.36-ന് വാങ്ങിയത്.
ഇളയ സഹോദരനോടൊപ്പം താമസിക്കുകയായിരുന്ന താഹിറ, വീട്ടിൽ വച്ച് വിഷം ഐസ്ക്രീമിൽ കലർത്തുകയായിരുന്നു. വൈകീട്ടോടെ അര കീലോമീറ്റർ അകലെ താമസിക്കുന്ന സഹോദരൻ്റെ വീട്ടിലെത്തി. നോമ്പ് തുറയ്ക്ക് ശേഷം എല്ലാവര്‍ക്കും കഴിക്കാൻ കണക്കാക്കിയാണ് ഫാമിലി പാക്ക് തന്നെ വാങ്ങിയത്.
സ്വന്തം സഹോദരി തന്ന ഐസ്ക്രീം ആയത് കൊണ്ടാണ് വാങ്ങിച്ചതെന്ന് മരിച്ച കുട്ടിയുടെ പിതാവ്, മുഹമ്മദലി പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന സന്തോഷത്തില്‍ ആയിരുന്നു. താഹിറ പോയതിന് പിന്നാലെ നോമ്പ് എടുക്കാതിരുന്ന മകൻ പാക്കറ്റ് പൊട്ടിച്ച് ഐസ്ക്രീം കഴിച്ചു.
പൊള്ളുന്നു എന്ന് പറഞ്ഞ് പിന്നീട് തുപ്പിക്കളയുന്നതാണ് കണ്ടത്. ഉടനെ തന്നെ ഐസ്ക്രീം തെങ്ങിൻ്റെ ചുവട്ടിൽ ഉപേക്ഷിച്ചു. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നോമ്പ് ഇല്ലായിരുന്നെങ്കിൽ താനും ഐസ്ക്രീം കഴിക്കുമായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു. ഭാര്യയും മറ്റ് മക്കളും വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് അവർ രക്ഷപ്പെട്ടു.
നോമ്പ് തുറന്നതിന് ശേഷം എല്ലാവരും ചേർന്ന് ഐസ്ക്രീം കഴിച്ചിരുന്നെങ്കിൽ അത് വലിയ ദുരന്തമായേനെയെന്നും മുഹമ്മദലി പറഞ്ഞു. കേസിൻ്റെ മുന്നോട്ടുള്ള പോക്കിൽ വിട്ടുവീഴ്‌ചയോ ഒത്തുതീർപ്പോ ഉണ്ടാവില്ല, സഹോദരിയെന്ന പരിഗണനയും പ്രതീക്ഷിക്കണ്ട.
12 വയസുകാരനാണ് പോയത്. ഇത്ര വരെ വളർത്തി വലുതാക്കിയത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ലെന്നും മുഹമ്മദലി ഇടിവി ഭാരതിനോട് പറഞ്ഞു. കോടതി റിമാൻഡ് ചെയ്‌ത താഹിറയെ മാനന്തവാടി ജില്ല ജയിലിൽ അടച്ചു.