കോഴിക്കോട്: മൈതാനത്തിന്‍റെ ഇടത് ഭാഗത്ത് നിന്ന് പന്തുമായി മുന്നേറുന്ന പിപി കുഞ്ഞിക്കോയ, മുംബൈയിലെ പ്രസിദ്ധമായ റോവേഴ്‌സ് കപ്പ് ടൂർണമെന്‍റില്‍ അടക്കം സൂപ്പർ താരമായിരുന്ന മലയാളിത്തിളക്കം... കാല്‍പ്പന്തുകളിയില്‍ മൈതാനത്തിന്‍റെ ഇടതുഭാഗം നിയന്ത്രിച്ചിരുന്ന കുഞ്ഞിക്കോയ അങ്ങനെ ലെഫ്റ്റ് ഔട്ട് കുഞ്ഞുവായി.
അപ്രതീക്ഷിതം അനുശോചനം: പ്രായം കീഴടക്കിയപ്പോൾ മൈതാനത്തെ ആരവങ്ങളോട് വിടപറഞ്ഞ് സ്വന്തം നാടായ കോഴിക്കോട്ടെ നൈനാൻ വളപ്പിലെ വീട്ടില്‍ വിശ്രമിക്കുമ്പോഴും ലെഫ്റ്റ് ഔട്ട് കുഞ്ഞുവിന്‍റെ ഓർമയിലും ചിന്തയിലും ഫുട്‌ബോൾ മാത്രം. കാല്‍പ്പന്തുകളിയോടുള്ള നൈനാൻ വളപ്പിന്‍റെ പ്രേമവും ആവേശവും കടല്‍കടന്ന് ലോക പ്രശസ്തിയിലെത്തുമ്പോൾ ലെഫ്റ്റ് ഔട്ട് കുഞ്ഞുവും അതിലൊരാളായി. അപ്രതീക്ഷിതമായി മരണം ലെഫ്റ്റ് ഔട്ട് കുഞ്ഞുവിനെ (85) തേടിയെത്തിയപ്പോൾ അതിലും അപ്രതീക്ഷിതമായിരുന്നു കടല്‍ കടന്നെത്തിയ അനുശോചന സന്ദേശം.
അർജന്‍റീനയിലെ പ്രശസ്തമായ അർജന്‍റീനോസ് ജൂനിയേഴ്‌സ് ക്ലബിന്‍റെ വൈസ് പ്രസിഡന്‍റ് ഹാവിയർ പെഡ്രോസോളിയാണ് നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ (എൻ.എഫ്.എഫ്.എ) പ്രസിഡന്‍റ് സുബൈറിന് അനുശോചന സന്ദേശമയച്ചത്. 'കുഞ്ഞുവിന്‍റെ മരണത്തിൽ ദുഃഖത്തിലായ നൈനാംവളപ്പിലെ ഫുട്ബോൾ സ്നേഹികൾക്കൊപ്പം ചേരുന്നു' എന്നായിരുന്നു സന്ദേശം.
ഓർമയില്‍ കുഞ്ഞു: 1950-കളിലാണ് പിപി കുഞ്ഞിക്കോയ ഫുട്ബോൾ കരിയർ തുടങ്ങുന്നത്. 19-ാം വയസിൽ മലബാറിലെ ഫുട്ബോൾ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. സിറ്റി കമ്പാനിയൻസ്, ഇൻഡിപെൻഡൻ്റ്, യുണിവേഴ്‌സൽ, ജിംഖാന, മലബാർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ പഴയകാല ഫുട്ബോൾ ക്ലബ്ബുകളിൽ കളിച്ചു തെളിഞ്ഞ കുഞ്ഞിക്കോയ സേട്ട് നാഗ്‌ജി ഉൾപ്പെടെ കേരളത്തിലും പുറത്തുമുള്ള ഒട്ടേറെ ടൂർണമെന്‍റുകളില്‍ കഴിവു തെളിയിച്ചാണ് മുംബൈയിലെ പ്രസിദ്ധമായ റോവേഴ്‌സ് കപ്പ് ടൂർണമെന്‍റിലേക്ക് എത്തിച്ചേർന്നത്. ഇടതുഭാഗത്ത് മികച്ച രീതിയിൽ കളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത. അങ്ങനെയാണ് ലെഫ്റ്റ് ഔട്ട് കുഞ്ഞുവെന്ന പേരുകിട്ടിയത്.