കോഴിക്കോട്: സമ്പൂർണ റേഡിയോ ഗ്രാമമായി മാറാൻ ഒരുങ്ങി കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ആനയാംകുന്ന് ഗ്രാമം. എല്ലാ വീട്ടിലും സൗജന്യമായി റേഡിയോ നൽകുക എന്നതാണ് പദ്ധതി.
ഒരു കാലത്ത് മിക്ക മലയാളിയുടെയും പ്രഭാതത്തിന്‍റെ ഈണമായിരുന്നു റേഡിയോ. പ്രഭാതത്തിലെ ചൂട് ചായക്കൊപ്പം അന്നന്നത്തെ വർത്തമാനങ്ങൾ അവരിലേക്കെത്തിയതും അടുക്കളയിൽ തയാറാവുന്ന പ്രഭാത ഭക്ഷണത്തിൽ രുചിയും മണവും കലർന്നതും പലയിടത്തും റേഡിയോയിൽ നിന്നുയരുന്ന പിന്നണി സംഗീതത്തോടൊപ്പമായിരുന്നു. കാലത്തിന്‍റെ കുത്തൊഴുക്കിന് ആധുനിക വേഗം കൂട്ടിയപ്പോൾ നമുക്ക് നഷ്‌ടമായതിലൊന്നാണ് ഈ യന്ത്രവും ഇതിലെ പരിപാടികളും.
ആ നല്ല സ്‌മരണകളിലേക്കുള്ള തിരിച്ചു പോക്കിനാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് പതിനൊന്നാം വാർഡ് മെമ്പർ സുനിത രാജൻ നേതൃത്വം നൽകുന്നത്. ഇവരുടെ നേതൃത്വത്തിൽ വാർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പത്തിന പരിപാടികളിലെ മൂന്നാമത്തെ പരിപാടിയാണ് വാർഡിലെ വിവിധ വീടുകളിൽ റേഡിയോ നൽകുന്ന 'എന്‍റെ ആകാശവാണി' എന്ന പദ്ധതി.
വഴിവിളക്ക് എന്ന പേരിൽ തെരുവുവിളക്ക് സ്ഥാപിക്കുന്ന പദ്ധതിയും റോഡ് സുരക്ഷക്കായി വളവുകളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിക്കുന്ന പദ്ധതിയും ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. 1400 രൂപ വിലയുള്ള റേഡിയോയാണ് മുപ്പതോളം വീടുകളിൽ ആദ്യഘട്ടത്തിൽ നൽകുന്നത്. സ്‌പോൺസർമാരിൽ നിന്നുമാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.
റേഡിയോ കേൾക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന പ്രായമായവർക്കും കിടപ്പു രോഗികൾക്കുമാണ് മുൻഗണന നൽകുന്നതെങ്കിലും പുതിയ തലമുറയെ റേഡിയോ ശ്രോതാക്കളാക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. മാർച്ച് 26ന് നടക്കുന്ന ചടങ്ങിൽ റേഡിയോയുടെ വിതരണ ഉദ്‌ഘാടനം വാർഡ് മെമ്പർ സുനിത രാജൻ നിർവഹിക്കും.
Also Read: മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്