കോഴിക്കോട്: ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനാവാതെ ചികിത്സ വൈകിയതിനെ തുടർന്ന് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം.
സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോയമോനെ ബീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതു കൊണ്ട് ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കോയമേനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനായില്ല. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തിറക്കിയത്.
ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സില്‍ ഒരു ഡോക്‌ടറും കോയമോന്‍റെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആർഎംഒക്കാണ് അന്വേഷണ ചുമതല.
ആംബുലൻസിന്‍റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷം പഴക്കമുള്ള ഒരു ആംബുലന്‍സാണ് ബീച്ച് ആശുപത്രിയിലുള്ളത്. മറ്റൊന്നുളളത് വര്‍ക്ക് ഷോപ്പിലാണ്.