കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി അംഗമായ അലൻ ഷുഹൈബിനെയാണ് പതിനഞ്ചാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവായത്. അറസ്റ്റിലായ അലനെയും പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗം താഹ ഫസലിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്നലെയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇവരുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു.
രാവിലെ അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ഹാജരാക്കാൻ ആവിശ്യപ്പെട്ടു. എന്നാൽ പനി മൂർഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ താഹ ഫസലിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അലൻ ഷുഹൈബിനെ മാത്രമാണ് കോടതിയിൽ ഹാജരാക്കാൻ സാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അലന്റെ മാത്രം കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്.
താഹയെ നാളെ ഹാജരാക്കാനും കോടതി ആവിശ്യപ്പെട്ടു. അതേ സമയം തനിക്കെതിരേ തെളിവ് ലഭിക്കാത്തതിനാൽ തന്റെ ഫേസ് ബുക്ക് പോസ്റ്റ് എടുത്ത് വച്ച് ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അലൻ മാധ്യമങ്ങളോട് പറഞ്ഞു. യു.എ.പി.എക്കെതിരെ രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഒരുമിച്ചു രംഗത്ത് വരണമെന്നും അലൻ പറഞ്ഞു.