കോഴിക്കോട്: നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്‌ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌ത്, വീഡിയോ കോളിലൂടെ പണം തട്ടിയ കേരളത്തിലെ ആദ്യ കേസാണിത്. ഈ കേസില്‍ ദിവസങ്ങൾക്കുള്ളിൽ പണം തിരിച്ചുപിടിക്കാൻ കഴിഞ്ഞത് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്‍റെ നെറുകയിലെ പൊൻതൂവലായി മാറി.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്ട്‌സ്‌ആപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാത സംഘം 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്‌തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ രാധാകൃഷ്‌ണന് അനുഭവപ്പെട്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു.
താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്‍റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെടുകയും രാധാകൃഷ്‌ണൻ അത് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും ഇയാൾ 35,000 രൂപ ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്‌ണന് സംശയം തോന്നിയത്.
തുടർന്ന് സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലാകുന്നത്. തുടർന്ന്, രാധാകൃഷ്‌ണൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കേരള പൊലീസിന്‍റെ സൈബർ ഓപ്പറേഷൻ വിഭാഗം അദ്ദേഹത്തിന് നഷ്‌ടപ്പെട്ട മുഴുവൻ തുകയും തട്ടിപ്പുകാരിൽ നിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.
മുന്നറിയിപ്പുമായി പൊലീസ്: പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ പ്രതികരിക്കരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വ്യാജ കോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരള സൈബർ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ അറിയിക്കണമെന്നും ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും പൊലീസ് വ്യക്‌തമാക്കി.
എഐ തട്ടിപ്പ്: രാജ്യത്ത് പലയിടത്തും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകൾ ശേഖരിച്ചാണ് തട്ടിപ്പ് സംഘം വീഡിയോ കോളിനായി ഉപയോഗിക്കുന്നത്. പരിചിതരായ ആളുകളുടെ രൂപത്തിലും ഭാവത്തിലും ശബ്‌ദത്തിലും തട്ടിപ്പ് സംഘം വീഡിയോ കോളിൽ എത്തുന്നതിനാൽ തന്നെ പലപ്പോഴും നമുക്ക് തട്ടിപ്പ് മനസിലാക്കാൻ സാധിക്കാതെ വരും. ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച് മുഖവും, ശബ്‌ദവും അടക്കം മാറ്റാൻ സാധിക്കുന്ന നിരവധി ആപ്പുകൾ നിലവിലുള്ളതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്‌ധർ പറയുന്നു.