കോഴിക്കോട്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി കൗശൽ ഷായെ ജനുവരി 31 വരെ റിമാൻഡ് ചെയ്‌ത് കോടതി (AI Deep Fake Fraud Case Kozhikode). കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടിയത് (Kaushal Shah's remand period extended). കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പ്രതിയെ നേരിട്ട് ഹാജരക്കണമെന്ന നിർദേശത്തെ തുടർന്ന് ഡൽഹി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
സമാനമായ മറ്റൊരു കേസിൽ റിമാൻഡിലായതിനെ തുടർന്ന് നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് പ്രതി. കോഴിക്കോട്ട് എത്തിച്ച പ്രതി കൗശൽ ഷായെ അന്വേഷണ സംഘം രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി കേരള പൊലീസ് ഈ മാസം 23ന് ഡൽഹിക്ക് പുറപ്പെടും.
ജനുവരി 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാകും അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കുക. കോഴിക്കോട് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ പുറപ്പെടുന്ന സംഘത്തിൽ സൈബർ സെൽ ഇൻസ്പെക്ടർ ദിനേഷ്, സീനിയർ സിപിഒ ധീരജ്, സിറ്റി പൊലീസ് കമ്മീഷണർ സ്ക്വാഡിലെ എസ്. ഐ മോഹൻദാസ് എന്നിവരാണ് ഉള്ളത്.
പരാതിക്കാരന് പണം തിരികെ ലഭിച്ചു: അതേസമയം ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു. കേന്ദ്ര ഗവ. സ്ഥാപനത്തില്‍ നിന്നും റിട്ടയര്‍ ചെയ്‌ത കോഴിക്കോട് സ്വദേശിയെയാണ് പ്രതി കബളിപ്പിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തിന്‍റെ ശബ്‌ദവും വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്‌തായിരുന്നു തട്ടിപ്പ്.
ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപയാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് നൽകിയ പരാതിയില്‍ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പണം തിരിച്ചു കിട്ടിയത്.
പരാതിക്കാരനെ അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്‌തിരുന്ന, നിലവിൽ അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രാ സ്വദേശിയായ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കബളിപ്പിച്ചത്.
വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടില്‍ നിന്നാണ് പ്രതി ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. വിശ്വസിപ്പിക്കുന്നതിനായി സുഹൃത്തിന്‍റെയും ഭാര്യയുടെയും ഫോട്ടോ അയച്ചു കൊടുക്കുകയും വോയിസ് കോളില്‍ സുഹൃത്തിന്‍റെ ശബ്‌ദത്തില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു. മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തിര സര്‍ജറിക്കുള്ള ചെലവിനാണെന്ന വ്യാജേനെയാണ് പണം ആവശ്യപ്പെട്ടത്. മുംബയിലെത്തിയാല്‍ പണം ഉടന്‍ തന്നെ തിരികെ അയച്ച് തരാമെന്നും പറഞ്ഞിരുന്നു.
അതേസമയം കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിജെഎം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരമാണ് പരാതിക്കാരന് പണം തിരികെ ലഭിച്ചത്. കേസിൽ ഗുജറാത്തിൽ നിന്നും അറസ്റ്റിലായ ഷേഖ് മുർതുസാമിയ ഹയാത്‌ഭായ്, ഗോവയിലെ പഞ്ചിമിൽ നിന്നും അറസ്റ്റിലായ സിദ്ധേഷ് ആനന്ദ് കാർവെ, അമരിഷ് അശോക് പാട്ടിൽ എന്നിവർ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.
ALSO READ: കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് തട്ടിപ്പ് : മുഖ്യപ്രതിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തിഹാറിലേക്ക്